ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട കേസില്‍ തന്റെയോ കുടുംബത്തിന്റെയോ പേരുകള്‍ അനാവശ്യമായി ഉള്പെടുത്തുന്നതില് മാധ്യമങ്ങള്‍ക്കെതിരെ നിരോധന ഉത്തരവ് നേടി ജെഡിഎസ് അധ്യക്ഷന്‍ എച്ച്. ഡി. ദേവഗൗഡ.
മാധ്യമങ്ങള്‍ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളില്‍ ദേവഗൗഡയുടെയോ മകന് കുമാരസ്വാമിയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ പേര് പരാമര്‍ശിക്കരുതെന്ന് കോടതി വ്യക്തമാക്കി.
എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകള്‍ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ഹര്‍ജി അനുവദിച്ച് ബെംഗളുരു സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
ദേവഗൗഡയും കുമാരസ്വാമിയും ഗൂഗിള്‍, മെറ്റ, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍, മറ്റ് 86 മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് എതിരെയാണ് നിരോധന ഉത്തരവ് വാങ്ങിയെടുത്തിരിക്കുന്നത്.
ഇതോടെ ഫലത്തില്‍ പ്രജ്വല്‍ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഒരു മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇരുവര്‍ക്കുമെതിരെയുള്ള ഒരു പരാമര്‍ശവും റിപ്പോര്‍ട്ട് ചെയ്യാനാകില്ല. ആരോപണങ്ങളോ, ഇവര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളോ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ കൂടെ തെളിവുകളുണ്ടാകണം എന്നും ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: