തിരുവനന്തപുരം: കരുണാകര ഗുരുവടക്കമുള്ള ഋഷിവര്യന്മാര് കാട്ടിത്തന്ന പാതയില്‍ ഭാരതത്തെ നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവഒലി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഭാവന, ഉള്‍ക്കൊള്ളല്‍, സഹജീവികളോടുള്ള കരുണ എന്നിവയാണ് സനാതനധര്‍മത്തിന്റെ അടിസ്ഥാനം. ആ പാരമ്പര്യത്തില്‍ അസഹിഷ്ണുത പുലര്‍ത്തുകയല്ല, അഭിമാനിക്കുകയാണ് നാം ഓരുത്തരും ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദിശങ്കരന് മുതല്‍ കരുണാകര ഗുരു വരെ കാലാകാലങ്ങളില്‍ അനേകം ഗുരുവര്യന്മാര് പകര്‍ന്ന വെളിച്ചമാണ് ഭാരതത്തെ മുന്നോട്ടു നയിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ മഹാ പാരമ്പര്യങ്ങളെ തമസ്കരിക്കാന്‍ പലപ്പോഴും ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായി. ചില ഘട്ടങ്ങളിലെങ്കിലും നമ്മുടെ മഹത്തായ പാരമ്പര്യങ്ങള്‍ ഇരുളിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് കൈവിട്ടുപോയെന്നും വി.മുരളീധരന് പറഞ്ഞു. സ്വാതന്ത്ര്യാനന്തരവും ദൗര്‍ഭാഗ്യവശാല്‍ അത് വീണ്ടെടുക്കാനുള്ള പരിശ്രമം വേണ്ട രീതിയില്‍ ഉണ്ടായില്ല. അതിനാണ് ഇന്ന് നരേന്ദ്രമോദി ശ്രമിക്കുന്നത്. ആധ്യാത്മിക – ജ്ഞാന പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: