മാറനല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറെ രക്ഷിക്കാന്‍ ശ്രമമെന്ന് പരാതി. കാട്ടാക്കട പഞ്ചായത്തിലെ കോണ്‍ഗ്രസ് മെമ്പര്ക്കെതിരെയാണ് ജില്ലാ ശിശുക്ഷേമ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പഞ്ചായത്ത് അംഗത്തിന്റെ അതിക്രമത്തിനിരയായ പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനശ്രമം പുറത്തുവരുന്നതും ജില്ലാ ശിശുക്ഷേമ ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കുന്നതും. പരാതി ലഭിച്ച ജില്ലാ ശിശുക്ഷേമ ഓഫീസര്‍ പിറ്റേ ദിവസം തന്നെ കാട്ടാക്കട പോലീസിന് പരാതി കൈമാറി.
ശിശുക്ഷേമ ഓഫീസിലെ ഉദ്യോഗസ്ഥര്‍ രണ്ട് പ്രാവശ്യം കുട്ടിയെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താനായി വീട്ടില്‍ എത്തിയെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. കുട്ടി ബൈബിള്‍ ക്ലാസിന് പോയെന്ന് പറഞ്ഞതിനാല്‍ ഉദ്യോഗസ്ഥര്‍ മടങ്ങി. എന്നാല്‍ പരാതി വിവരം അറിഞ്ഞ പഞ്ചായത്ത് മെമ്പര്‍ ബന്ധുക്കളെ സ്വാധീനിച്ച് കുട്ടിയെ മാറ്റി നിര്‍ത്തിയെന്നാണ് ആരോപണം.
ഇതിനിടയില്‍ കാട്ടാക്കടയിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് ഇടപെട്ട് പരാതി ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും തുടങ്ങി. ഈ നേതാവിന്റെ സ്വാധീനം മൂലം കാട്ടാക്കട പോലീസ് അന്വേഷണം രണ്ടാഴ്ചയോളം വൈകിപ്പിക്കുകയും പഞ്ചായത്ത് മെമ്പറെ രക്ഷിക്കുന്നതിനുള്ള വഴികള്‍ തേടിയതായും ആക്ഷേപമുണ്ട്. പോലീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും ശിശുക്ഷേമ സമതി അറിയിച്ചു. ഒന്നിലധികം പീഡന കേസുകളില്‍ പ്രതിയായി റിമാന്റില്‍ കിടന്നിട്ടുള്ളയാളാണ് കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: