ന്യൂദല്‍ഹി: പിഒകെയിലെ ജനങ്ങള്‍ ഭാരതത്തിനൊപ്പം വരാന്‍ തയാറാവുകയാണെന്ന പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാകിസ്ഥാന് വേണ്ടി രംഗത്തെത്തി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും മകന് ഒമര്‍ അബ്ദുള്ളയും. അത്തരം നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പാകിസ്ഥാന്റെ കൈകളില്‍ വളകളല്ലെന്ന ഓര്മ വേണമെന്നും അവര്‍ ഭാരതത്തില്‍ അണുബോംബ് ഇടുമെന്നും ഫാറൂഖ് അബ്ദുള്ള ഭീഷണിപ്പെടുത്തി.
പ്രശ്നങ്ങള്‍ അവശേഷിക്കുകയാണെന്നും മേഖലയിലെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അതിന് ശേഷം വേണം നമ്മുടെ കൈയിലില്ലാത്തതിന് വേണ്ടി ശ്രമിക്കേണ്ടതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
അതിനിടെ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ വെള്ളപൂശി കോണ്‍ഗ്രസ് രംഗത്തെത്തി. ഭീകരാക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് ഹേമന്ത് കര്‍ക്കറെയെ കൊലപ്പെടുത്തിയത് അജ്മല്‍ കസബ് അല്ലെന്നും ആര്‍എസ്എസ് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് വാദേടിവാര്‍ ആരോപിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ചിറ്റ് നല്കുന്ന നടപടിയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
ഹേമന്ത് കര്‍ക്കറെയെ വെടിവച്ചത് ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നത് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉജ്ജ്വല്‍ നികത്തിന് അറിയാമെങ്കിലും മറച്ചുവച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. ഇതിന്റെ തുടര്‍ച്ചയായാണ് ഉജ്ജ്വല്‍ നികം ബിജെപി ടിക്കറ്റില്‍ മുംബൈയില്‍ മത്സരിക്കുന്നതെന്നും വിജയ് വാദേടിവാര്‍ പ്രസ്താവിച്ചു. സംഭവം വിവാദമായതോടെ പ്രസ്താവന തിരുത്തിയിട്ടുണ്ട്. താന്‍ പറഞ്ഞത് ഒരു ബുക്കിലെ കാര്യമാണെന്നാണ് പുതിയ ന്യായീകരണം.
കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. രാഷ്ട്രതാത്പര്യത്തേക്കാള് കോണ്‍ഗ്രസിന് വലുത് വോട്ടുബാങ്കാണ്. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ നടുക്കമുണ്ടാക്കുന്നതും വിശ്വസിക്കാന്‍ സാധിക്കാത്തതുമാണ്. രാഹുല്‍ പ്രധാനമന്ത്രിയാവാന്‍ പാകിസ്ഥാന് പ്രാര്‍ത്ഥിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ബാട്ല ഹൗസ് ഏറ്റുമുട്ടല്‍, അഫ്സല് ഗുരു, യാക്കൂബ് മേമന്, നക്സലുകള്‍ എന്നിവര്‍ക്ക് വേണ്ടി കരയുകയും ഉജ്ജ്വല്‍ നികത്തെ പോലുള്ള ദേശാഭിമാനികളെ കുറ്റപ്പെടുത്തുകയും പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുകയുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിരം പരിപാടിയെന്നും പൂനാവാല കുറ്റപ്പെടുത്തി.
വിജയ് വാദേടിവാറിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നാഗ്പൂര്‍ ലീഗല്‍സെല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും രംഗത്തെത്തി. ഭീകരാക്രമണകേസിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്കിയ അഭിഭാഷകനായ ഉജ്വല്‍ നികത്തെ ഒപ്പം നിര്‍ത്തുന്ന ബിജെപിയും അജ്മല്‍ കസബിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസുമാണ് രാജ്യത്തുള്ളതെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തി. മുംബൈ ഭീകരാക്രമണകാലത്തെ സൗത്ത് മുംബൈ എംപിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവറ അടക്കമുള്ളവരും വിജയ് വാദേടിവാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. നാണംകെട്ട പ്രവൃത്തിയാണ് വിജയ് നടത്തിയതെന്ന് ദേവ്റ കുറ്റപ്പെടുത്തി. മുംബൈ ആക്രമണത്തിലെ പാക് പങ്ക് മറച്ചുവച്ച് ആര്‍എസ്എസിനെ കുറ്റപ്പെടുത്തി പുസ്തകം പുറത്തിറക്കിയവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ദേവ്റ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: