കുടുംബജീവിതത്തിന്റെ ഭദ്രതയാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറ. നല്ല വ്യക്തികള്‍ ചേര്‍ന്നു നല്ല കുടുംബവും അത്തരം കുടുംബങ്ങള്‍ ചേര്‍ന്നു നല്ല സമൂഹവും രൂപപ്പെടുന്നു. സംസ്‌കാരത്തിലൂന്നിയ സമൂഹമാണ് രാഷ്‌ട്രമായി രൂപപ്പെടുന്നത്.
വിവിധ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരും വിവിധ മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരും ഇടകലര്‍ന്ന സമൂഹത്തിന്, അതിനപ്പുറം പൊതുവായ ഒരു സംസ്‌കാരമുണ്ടാകും. അതില്‍നിന്നു വ്യതിചലിക്കാത്തിടത്തോളം അവരൊക്കെ ഒരുരാഷ്‌ട്രത്തിന്റെ കണ്ണികളായിത്തന്നെ നില്‍ക്കും. കൈമോശം വരാതെ തലമുറകളിലേയ്‌ക്കു പകരേണ്ട സന്ദേശമാണിത്.
കുടുംബ ഭദ്രത കുടുംബാംഗങ്ങളുടെ പരസ്പരബന്ധത്തിന്റ ബലത്തിലാണ് നിലനില്‍ക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടേതായ കടമകളും ഉത്തരവാദിത്തവുമുണ്ട്. അവ അവരെ ചേര്‍ത്തുനിര്‍ത്തും. ഇതില്‍ ഏറെ പ്രധാനമാണ് പിതൃ-പുത്രബന്ധം. പിതാവിനെ അനുസരിച്ചു ജീവിക്കാന്‍ ബാധ്യസ്ഥരാണ് പുത്രന്‍മാര്‍. അപ്പോഴും അത് എങ്ങനെ വേണമെന്നു കൃത്യമായി വ്യാഖ്യാനിക്കുന്നുണ്ട് ശാസ്ത്രം. ഹൈന്ദവ പുരാണങ്ങളില്‍ അതിന് വേണ്ടത്ര ഉദാഹരണങ്ങള്‍ ഉണ്ടുതാനും.
പുത്രന്‍മാര്‍ നാലു തരക്കാരത്രെ. ഉത്തമന്‍, മധ്യമന്‍, അധമന്‍, ഉച്ചരിതം. അച്ഛന്റെ താത്പര്യ സംരക്ഷണം പുത്രന്റെ കടമയാണ്. പക്ഷേ, അച്ഛന്റെ വാക്കുകള്‍ അച്ചട്ടമായി അനുസരിക്കുന്നവന്‍ ഉത്തമപുത്രനാകുന്നില്ല. അവന്‍ മധ്യമനേ ആകുന്നുള്ളു. പറയാതെ തന്നെ അച്ഛന്റെ മനസ്സ് അറിഞ്ഞു പെരുമാറുന്നവനാണ് ഉത്തമന്‍. മനസ്സില്ലാ മനസ്സോടെ അനുസരിക്കുന്നവന്‍ അധമന്‍. അങ്ങനെപോലും അനുസരിക്കാന്‍ കൂട്ടാക്കാത്തവന്‍ ഉച്ചരിതം. വിസര്‍ജ്യം (പിത്രോര്‍മ്മലം) എന്നാണ് ആ വാക്കിന് അര്‍ഥം. അത്രമാത്രം നികൃഷ്ടനാണ് ഈ നാലാമന്‍ എന്നു ശാസ്ത്രം പറയുന്നു.
പുരാണങ്ങളില്‍ ഉദാഹരണങ്ങള്‍ പലതുണ്ടെങ്കിലും ഇക്കാര്യത്തില്‍ രാമായണമാണ് എടുത്തു കാട്ടാവുന്നത്. ശ്രീരാമന്‍ ഉത്തമപുത്രനാകുന്നതു ദശരഥന്റെ മനസ്സ് അറിഞ്ഞു പ്രവര്‍ത്തിച്ചതുകൊണ്ടാണ്.
ദശരഥന്റെ ആജ്ഞ അനുസരിച്ചല്ല രാമന്‍ വനവാസത്തിനു തയാറായത്. അങ്ങനെ ചെയ്യണമെന്നു ദശരഥന്‍ പറഞ്ഞുമില്ല. പറഞ്ഞതു ദശരഥ പത്നിയായ കൈകേയിയാണ്. രാമനോട് അതുപറയാന്‍ പോലും കഴിയാതെ അവശനായി കിടക്കുകയായിരുന്നു ദശരഥന്‍. അതുകൊണ്ടുതന്ന അതു സ്വീകരിക്കാതിരിക്കാന്‍ രാമനു ന്യായങ്ങളുണ്ടായിരുന്നു. അതിനും ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട്. പറഞ്ഞത് അച്ഛനല്ലല്ലോ. അഥവാ ആണെങ്കില്‍പ്പോലും പറഞ്ഞതു ന്യായമായ കാര്യമല്ല. കാര്യകാരണ വിചാരം കൂടാതെയുമാണ്. അത്തരം ആജ്ഞകള്‍ ഗുരുവിന്റേതായാല്‍പ്പോലും ധിക്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ശാസ്ത്രം തന്നെ പറയുന്നത്.
(ഗുരോരപ്യവലുപ്തസ്യ
കാര്യാകാര്യമജാനത
ഉല്‍പഥപ്രതിപന്നസ്യ
പരിത്യാഗോവിധീയതേ)
പക്ഷേ, അച്ഛന്റെ മനസ്സ് കൈകേയിയില്‍ നിന്ന് അറിഞ്ഞ രാമന്‍, ആ മനസ്സ് അറിഞ്ഞു പ്രവര്‍ത്തിക്കാനാണ് തയാറായത്. അതുകൊണ്ടുതന്നെ ഉത്തമപുത്രനായി. മാതൃകാപുരുഷോത്തമനുമായി. മഹാപുരുഷന് ഉത്തമ മാതൃകയായി. എങ്കിലും ആ പൂര്‍ണതയ്‌ക്കു ചെറിയ പോറലേറ്റിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാമന്റെ ധര്‍മനിഷ്ഠ അതിരുകളും കടന്നു പോയിട്ടില്ലേ എന്നും സംശയിക്കാം. അച്ഛന്റെ ഇച്ഛയ്‌ക്കുമുന്നില്‍ മറ്റെല്ലാം മാറ്റിവയ്‌ക്കുകയാണ് രാമന്‍ ചെയതത്. ദശരഥന്‍ അച്ഛനാണെങ്കിലും നിലവിട്ട പ്രവര്‍ത്തിയാണ് ചെയ്തത്. സ്ത്രീജിതനായ ദശരഥന് പറ്റിയ വീഴ്ചയുടെ ഫലമാണ് രാമന്‍ വനവാസമെന്ന ശിക്ഷയായി ഏറ്റുവാങ്ങിയത്. അതുകൊണ്ട് നഷ്ടം ഉണ്ടായത് അയോദ്ധ്യയ്‌ക്കും ജനങ്ങള്‍ക്കുമാണ്. അവര്‍ക്കു കുറച്ചുകാലത്തേയ്‌ക്കെങ്കിലും രാമനെയും എന്നെന്നേയ്‌ക്കുമായി ദശരഥനേയും നഷ്ടപ്പെട്ടു. അങ്ങനെ നോക്കിയാല്‍, അച്ഛനെ അനുസരിക്കാന്‍ വേണ്ടി രാമന്‍ രാജ്യത്തോടുള്ള കടമ മറന്നില്ലേ?
ഉത്തമ ഭാര്യമാര്‍ മൂന്നു പേര്‍ ഉണ്ടായിരുന്നിട്ടും അവരില്‍ കൈകേയിയുടെ സൗന്ദര്യത്തില്‍ മതിമറന്നു ഭ്രമിച്ചതാണ് ദശരഥനെ കുഴക്കിയത്. അതു രാമനറിയാം. കൈകേയി അവസരം മുതലെടുക്കുകയാണെന്നും അറിയാം. ചെയ്യുന്നതു തെറ്റാണെന്ന ബോധം ദശരഥനുമുണ്ട്. അതുകൊണ്ടാണല്ലോ അക്കാര്യം രാമനോടു പറയാന്‍ പോലും ശക്തിയില്ലാതായത്. തെറ്റെന്ന് ഉത്തമ ബോധ്യമുള്ളകാര്യം ശിരസാ വഹിക്കുന്നത് മഹാപുരുഷന്‍മാര്‍ക്ക് ചേര്‍ന്നതാണോ?
അഷ്ടാംഗഹൃദയത്തില്‍ പറയുന്ന മധ്യവൃത്തിയുടെ പ്രസക്തി ഇവിടെയാണ്. ധര്‍മത്തിലായാലും കാമത്തിലായാലും മധ്യമമേ പാടുള്ളു. അവസാന തുമ്പുവരെ പോകാന്‍ പാടില്ല. പക്ഷേ, രാമന്‍ പോയി. ഇക്കാര്യങ്ങള്‍ രാമായണം നമുക്ക് പറഞ്ഞു തരുന്നത് ലക്ഷ്മണനിലൂടെയാണ്.
തികഞ്ഞ പൗരുഷവാദിയായ ലക്ഷ്മണന്‍, ദശരഥന്റെ നിലവിട്ട പെരുമാറ്റത്തെ ശാസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നതിനൊപ്പം, ബലമായിത്തന്നെ രാമന്റെ അഭിഷേകം നടത്താന്‍ തയാറാകുന്നുമുണ്ട്. സ്ത്രീസൗന്ദര്യത്തില്‍ മയങ്ങിയ ദശരഥനും അതിരുകവിഞ്ഞ ധര്‍മബോധംകൊണ്ടു രാമനും ബാധിച്ച അന്ധതയ്‌ക്കെതിരെയാണ് ഇവിടെ വിരല്‍ ചൂണ്ടുന്നത്. കഥാപാത്രങ്ങളിലൂടെ ശാസ്ത്രത്തെ വിമര്‍ശിക്കുന്നു രാമായണം.
മനുഷ്യനെ കീഴടക്കുന്ന ജ്വാലകള്‍ മൂന്നാണ്. അഗ്നിജ്വാല, വിഷജ്വാല, മുഖജ്വാല. ഇതില്‍ ഏറ്റവും അപകടം പിടിച്ചതാണ് മുഖജ്വാല അഥവ സ്ത്രീജ്വാല. അതിലാണ് ദശരഥന്‍ കുടുങ്ങിയത്.
മനസ്സിനും ശരീരത്തിനുമുണ്ടാകുന്ന അശുദ്ധിമാറാന്‍ ശാസ്ത്രത്തില്‍ കാലപരിധിയുണ്ട്. പുലമാറണമെങ്കില്‍ പത്തുദിവസം കഴിയണം എന്നതുപോലെ, സ്ത്രീലമ്പടന്‍മാരുടെ അശുദ്ധിമാറണമെങ്കില്‍ അവര്‍ പട്ടടയില്‍ എത്തണമെന്നാണ് വിധി. ആ അശുദ്ധിയായിരുന്നല്ലോ ദശരഥന്. സ്‌ത്രൈണസ്യ ചാപി എന്നാണ് ദശിരഥനെ മഹാഭാരതത്തില്‍ വിശേഷിപ്പിക്കുന്നത്.
ഇതെല്ലാം പറയുമ്പോഴും ഓര്‍ക്കേണ്ട മറ്റൊന്നുണ്ട്. മറ്റുള്ളവരുടെ വേദന എങ്ങനെ സ്വയം ഏറ്റെടുക്കാമെന്ന് രാമന്‍ ജീവിച്ചുകാണിച്ചതായിരിക്കാം. ശാസ്ത്രം രണ്ടു വഴി കാണിച്ചപ്പോള്‍, പറയാത്ത ആജ്ഞ പാലിച്ചും സ്വയം ദുഃഖങ്ങള്‍ ഏറ്റുവാങ്ങിയും സ്വന്തം വഴി തെരഞ്ഞെടുത്തതാകാം. അച്ഛനെ മാത്രമേ രാമന്‍ കണ്ടുള്ളു. അച്ഛന്റെ ദോഷങ്ങള്‍ പരിഗണിച്ചില്ല.
(കടപ്പാട്: മള്ളിയൂരിന്റെ രാമായണ ചിന്തകള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: