കൊല്‍ക്കത്ത: പത്താം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തിനായി ഇന്ന് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും മുംബൈ സിറ്റി എഫ്സിയും കളത്തിലിറങ്ങും. ലീഗിന്റെ ചരിത്രത്തില്‍ ആദ്യ കിരീട തുടര്‍ച്ച ലക്ഷ്യമിട്ടാണ് നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന് എസ്ജി ഇറങ്ങുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ജേതാക്കളാകാനാണ് മുംബൈ സിറ്റി എഫ്സിയുടെ പടയൊരുക്കം. 2020-21 സീസണിലാണ് മുംബൈ ചാമ്പ്യന്മാരായത്. കഴിഞ്ഞ സീസണില്‍ ഷീല്‍ഡ് വിന്നേഴ്സ് ആയിരുന്നു. രാത്രി ഏഴര മുതല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ഇതിന് മുന്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ കണ്ടത് ഇതേ വേദിയിലാണ്. കഴിഞ്ഞ 15ന് നടന്ന ആ മത്സരത്തില്‍ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ അറുപതിനായിരം വരുന്ന കാണികളുടെ പിന്തുണ ലഭിച്ച മോഹന്‍ ബഗാന് എസ്ജി 2-1ന് ജയിച്ചു.
സീസണില്‍ ഇവര്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച ഏറെ കലുഷിതമായാണ് പിരിഞ്ഞത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ 2-1ന് ജയിച്ചെങ്കിലും ഇരുഭാഗത്തു നിന്നുമായ് ഏഴ് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് പുറത്തായ മത്സരമായിരുന്നു അത്. കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു മത്സരം.
ലീഗ് പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയ രണ്ട് ടീമുകള്‍ ഫൈനലില്‍ വരുന്നുവെന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത. രണ്ട് ടീമുകളും തുല്യശക്തരാണെന്ന് ഇത് നല്കുന്ന സൂചന. 12 ടീമുകള്‍ അണിനിരന്ന ലീഗില്‍ ഓരോ ടീമിനും 22 വീതം മത്സരങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 15 വിജയങ്ങളുമായ് 48 പോയിന്റ് സ്വന്തമാക്കിയാണ് മോഹന്‍ ബഗാന് എസ്ജി ഒന്നാമതെത്തിയത് ഷീല്‍ഡ് ജേതാക്കളായതും. മൂന്ന് മത്സരങ്ങള്‍ സമനിലയിലാക്കി. നാലെണ്ണത്തില്‍ പരാജയപ്പെട്ടു.
ലീഗ് പട്ടികയില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത മുംബൈ സിറ്റി 14 വിജയങ്ങളേ നേടിയുള്ളൂ. അഞ്ച് മത്സരങ്ങള്‍ സമനിലയിലാക്കാന്‍ സാധിച്ചു. മോഹന്ബഗാനെക്കാള് ഒരു മത്സരം കുറച്ചേ മുംബൈ പരാജയപ്പെട്ടിട്ടുള്ളൂ. 47 പോയിന്റ് നേടിയാണ് ടീം രണ്ടാം സ്ഥാനത്തായത്.
രണ്ട് ടീമുകളും പ്ലേ ഓഫ് കളിക്കാതെ നേരിട്ട് സെമിയില്‍ പ്രവേശിക്കുകയായിരുന്നു. സെമിയില്‍ മോഹന്‍ ബഗാന് എസ്ജി കരുത്തരായ ഒഡീഷ എഫ്സിയെ തോല്‍പ്പിച്ചു. മുംബൈ സിറ്റി ഗോവയെയും കീഴടക്കി.
മോഹന്‍ ബഗാന് എസ്ജിക്കൊപ്പം മൂന്നാം കിരീടം തേടിയാണ് ടീമിന്റെ സ്പാനിഷ് പരിശീലകന് ആന്റോണിയോ ലോപ്പെസ് ഇറങ്ങുന്നത്. പ്രഥമ ഐഎസ്എല്‍ കിരീടം അത്ലറ്റിക്കൊ ഡി കൊല്‍ക്കത്തയ്ക്ക് നേടിക്കൊടുത്തത് ലോപ്പസ് ഹബാസ് എന്ന ഈ പരിശീലകനായിരുന്നു. 2019-20 സീസണിലും എടികെയെ ചാമ്പ്യന്മാരാക്കി. ഇക്കൊല്ലം ജനുവരി മുതലുള്ള ഐഎസ്എല്‍ രണ്ടാം ഘട്ടത്തിലാണ് ഹബാസ് വീണ്ടും ടീമിനൊപ്പം ചേര്‍ന്നത്. മറ്റൊരു സ്പാനിഷ് പരിശീലകന് യുവാന്‍ ഫെറാന്‍ഡോ ഫെനോള്‍ ആയിരുന്നു മോഹന്‍ ബഗാന് എസ്ജിയുടെ പരിശീലകന്. ടീമിന് കഴഞ്ഞ വര്‍ഷം കിരീടം നേടിക്കൊടുത്തത് ഈ പരിശീലകനായിരുന്നു. 2021 ഡിസംബര്‍ മുതലുള്ള പരിശീലകനാണ് ഫെനോള്‍.
മുംബൈ സിറ്റി എഫ്സിയും നിലവിലെ സീസണ് പാതിക്കുവച്ച് പരിശീലകനെ മാറ്റി. സീസണ് തുടങ്ങുമ്പോള്‍ 2021 മുതല്‍ ഇംഗ്ലണ്ടുകാരന് ദേസ് ബുക്കിങ്ഹാം ആയിരുന്നു മുംബൈ പരിശീലകന് 2021 ഡിസംബര്‍ മുതലുള്ള ടീമിന്റെ പരിശീലകനായിരുന്നു ബുക്കിങ്ഹാം. ഡിസംബര്‍ ഒമ്പത് മുതലാണ് പെട്ര് ക്രാറ്റ്കി ടീമിന്റെ ചുമതലയേറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: