കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളെ രണ്ടാംകിട പൗരന്മാരായിട്ടാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബര്‍ദ്വാനിലെ ദുര്‍ഗാപൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംസ്ഥാനത്തിന്റെ വികസനത്തിനല്ല, ജനങ്ങളെ വോട്ടിനായി എങ്ങനെ വിഭജിക്കാമെന്നാണ് മമതാ സര്‍ക്കാര്‍ ചിന്തിക്കുന്നത്. ഒരു തൃണമൂല്‍ എംഎല്‍എ പരസ്യമായിട്ടാണ് ഹിന്ദുക്കളെ വെല്ലുവിളിച്ചത്. എന്തുതരത്തിലുള്ള ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. സന്ദേശ്ഖാലിയില്‍ ഗോത്രവര്‍ഗ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ ഷാജഹാന് ഷെയ്ഖിന് സംരക്ഷണമൊരുക്കുകയായിരുന്നു മമത ചെയ്തത്. മുഴുവന്‍ ലോകവും ഷാജഹാന് ഷെയ്ഖിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നീതിപീഠത്തിന് ഇടപെടേണ്ടിവന്നു ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍. വോട്ട് ബാങ്കിനേക്കാള്‍ മുകളിലല്ലേ മനുഷ്യത്വം. എന്തുകൊണ്ടാണ് മമത ഇക്കാര്യത്തില്‍ മൗനം പാലിച്ചത്. പട്ടികജാതി, ഗോത്രവര്‍ഗ, പിന്നാക്ക വിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനാണ് മമത ശ്രമിച്ചത്.
സംസ്ഥാനത്ത് നടന്ന അദ്ധ്യാപക നിയമന അഴിമതിയെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കുവേണ്ടി ബംഗാള്‍ ബിജെപി പ്രവര്‍ത്തിക്കുമെന്ന് മോദിയുടെ ഉറപ്പ് നല്കി. മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 50 കോടിയോളം രൂപയാണ് കണ്ടെടുത്തത്. അഴിമതിക്കാരായ തൃണമൂല്‍ നേതാക്കള്‍ ലക്ഷക്കണക്കിന് യുവാക്കളെ അദ്ധ്യാപന നിയമന അഴിമതിയിലൂടെ വഞ്ചിച്ചിരിക്കുകയാണ്. അര്‍പിതയുടെ പണം എണ്ണിയപ്പോള്‍ യന്ത്രത്തിന് ശ്വാസം മുട്ടിയെന്നും മോദി പരിഹസിച്ചു. ഇക്കാര്യങ്ങളെല്ലാം ബംഗാള്‍ ജനങ്ങള്‍ക്കറിയാം. അവര്‍ തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: