ദക്ഷിണ മാള്‍ഡ (ബംഗാള്‍): ബംഗാളില്‍ ദക്ഷിണ മാള്‍ഡയിലെ ബിജെപി സ്ഥാനാര്‍ത്ഥി ‘നിര്‍ഭയ ദീദി’ തരംഗം സൃഷ്ടിക്കുന്നു. ഇംഗ്ലീഷ് ബസാറില്‍ നിന്നുള്ള എംഎല്‍എ ശ്രീരൂപമിത്ര ചൗധരിയാണ് മമതയ്‌ക്ക് ഭയമുണ്ടാക്കുന്ന നിര്‍ഭയ ദീദി.
കോണ്‍ഗ്രസിന്റെ ഇഷാ ഖാന്‍ ചൗധരിക്കും ടിഎംസിയുടെ ഷാനവാസ് അലി റൈഹാനുമെതിരെയാണ് ശ്രീരൂപമിത്ര ഇവിടെ മത്സരിക്കുന്നത്. 2009 മുതല്‍ ഈ സീറ്റില്‍ വിജയിച്ച സിറ്റിങ് എംപി അബു ഹസീം ഖാന്‍ ചൗധരിയുടെ മകനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചയാണ് ടിഎംസി സ്ഥാനാര്‍ത്ഥി.
മുന്‍ പത്രപ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയുമാണ് ശ്രീരൂപമിത്ര ചൗധരി. 2004ല്‍ ദേശീയ നിയമ സാക്ഷരതാ മിഷന്റെ ഭാഗമായും 2008ല്‍ നിയമ-നീതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ദേശീയ ഉപദേശകയായും സേവനമനുഷ്ഠിച്ചിരുന്നു. 2012ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ അധ്യക്ഷയായി.
സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനുള്ള സാമൂഹിക പ്രസ്ഥാനമായ ‘നിര്‍ഭയ ഗ്രാമം’ എന്ന സംരംഭം ആരംഭിച്ചതോടെ ഇവര്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ജനങ്ങള്‍ നിര്‍ഭയ ദീദി എന്ന പേര് നല്കി. ഇന്ന് സ്വന്തം പേരിനേക്കാള്‍ നിര്‍ഭയ ദീദി എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. 2014ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍ദാഹ ദക്ഷിണില്‍ നിന്ന് മത്സരിച്ചെങ്കിലും 8,000 വോട്ടുകള്‍ക്ക് അവര്‍ പരാജയപ്പെട്ടു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇംഗ്ലീഷ് ബസാറില്‍ നിന്നും വിജയിച്ചു.
പിങ്ക് നിറത്തിലുള്ള ഹോര്‍ഡിങ്ങുകളും പ്ലക്കാര്‍ഡുകളും കൊണ്ട് മണ്ഡലം നിറഞ്ഞിരിക്കുകയാണ്. ശ്രീരൂപമിത്ര ചൗധരിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഫോട്ടോകളുമുണ്ട്.
ശ്രീരൂപമിത്ര ചൗധരിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തില്‍ ഇവരെ അധിക്ഷേപിച്ചിരുന്നു. മാള്‍ഡ ജില്ലയിലെ കാലിയാചക്കില്‍ ഒരു പൊതുയോഗത്തിലാണ് ഇവരെ ‘ഭയ’ (നാണമില്ലാത്തത്) എന്ന് വിളിച്ചാക്ഷേപിച്ചത്. അഭിഷേക് ബാനര്‍ജിയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന ഡിജിപിക്ക് കത്തയച്ചിരുന്നു. മൂന്നാം ഘട്ടമായ മെയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: