മാറനല്ലൂര്‍: കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശക വിലക്ക് മധ്യവേനല്‍ അവധിക്കാലത്തെ വിനോദസഞ്ചാരത്തെ ബാധിച്ചു. റോഡുപണിയുടെ പേരിലാണ് വനം വകുപ്പിന്റെ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശക വിലക്ക്. കോട്ടൂര്‍ കാപ്പുകാട് മുതല്‍ കാവടിമൂല വരെയുള്ള 1.5 കിലോമീറ്റര്‍ വരുന്ന പഞ്ചായത്ത് റോഡാണ് 6.25 കോടി രൂപ ചെലവിട്ട് 30 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത തരത്തില്‍ ആറ് മീറ്റര്‍ വീതിയില്‍ ‘ഹെവി കോണ്‍ക്രീറ്റ്’ ഉപയോഗിച്ച് നവീകരിക്കുന്നത്.
വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് റോഡ് പണിയുന്നതെന്നും ഇതിനാല്‍ രണ്ടര മാസത്തേക്ക് ആന പുനരധിവാസകേന്ദ്രം അടച്ചു എന്നുമാണ് വനം വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. ഒരു റോഡ് പണിയാന്‍ രണ്ടര മാസം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം അടച്ചിടുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
എന്നാല്‍ ആനപരിപാലന കേന്ദ്രത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കിഫ്ബി പദ്ധതി പുരോഗമിക്കുന്നതിനൊപ്പമാണ് റോഡും നവീകരിക്കുന്നതെന്നാണ് അധികൃതരുടെ വാദം. ഹെവി കോണ്‍ക്രീറ്റ് ഉപയോഗിക്കുന്നതിനാല്‍ ജോലികള്‍ക്ക് കൂടുതല്‍ സമയം വേണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 1500 മീറ്ററുള്ള റോഡ് ഓരോ ദിവസവും 100 മീറ്റര്‍ വീതമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഇത് ഉറപ്പുള്ളതാകാന്‍ 15 ദിവസംവീതം ഒരു മാസത്തോളം വേണമത്രെ. മഴക്കാലത്ത് ഇത് ചെയ്യാനാകില്ല.
കോണ്‍ക്രീറ്റ് പണി നടക്കുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടാനാകില്ല. ജോലികള്‍ പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ പണി വീണ്ടും നീളും. ഇതു കണക്കാക്കിയാണ് രണ്ടര മാസത്തെ സമയം കരാറുകാര്‍ ആവശ്യപ്പെട്ടതെന്നും പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കേന്ദ്രം തുറക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നെയ്യാര്‍ഡാം, പൊന്മുടി ഉള്‍പ്പെടുന്ന വിനോദസഞ്ചാര റൂട്ടില്‍ വേധലവധിക്കാലത്ത് വിദേശികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് കാപ്പുകാട്. മധ്യവേനലവധിക്കാലത്താണ് തിരക്കു കൂടുന്നത്. ഈ സമയത്ത് കേന്ദ്രം അടഞ്ഞുകിടക്കുന്നത് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള പ്രദേശവാസികളുടെ ഉപജീവനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: