ദല്‍ഹി: എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കിയിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള ഭാരത വനിതാ ടീമിനെ സലിമ ടെറ്റെ നയിക്കും. നിലവിലെ നായിക സവിത പൂനിയയെ ഗോള്‍ കീപ്പറായി ടീമില്‍ നിലനിര്‍ത്തിക്കൊണ്ടാണ് മാറ്റം വരുത്തിയിരിക്കുന്നത്. പ്രോ ലീഗ് ഹോക്കിയില്‍ ഇനി ബെല്‍ജിയത്തിലെയും ഇംഗ്ലണ്ടിനെയും മത്സരങ്ങളാണ് ബാക്കിയുള്ളത്.
ടീമിനെ നിലനിര്‍ത്തിക്കൊണ്ട് നടത്തിയ അഴിച്ചുപണിയില്‍ ഉപനായികയെയും മാറ്റിയിട്ടുണ്ട്. വന്ദന കടാരിയയെ മാറ്റി നവ്നീത് കൗറിനെ സ്ഥാനാര്‍ത്ഥിയാക്കി.
ടീമിനെ നയിക്കാനുള്ള സ്ഥാനലഭ്ദിയില് ഏറെ സന്തോഷിക്കുന്നതായി സലിമ ടെറ്റെ പറഞ്ഞു. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും പുതിയ റോളിലൂടെ കൂടുതല്‍ മുന്നേറും. മികച്ചൊരു ടീം ആണൊപ്പമുള്ളത്, പരിചയ സമ്പന്നരുടെയും യുവതാരങ്ങളുടെയും സമ്മിശ്ര സംഘമാണ് നമ്മുടേത്-സലീമ പറഞ്ഞു.
അടുത്തിടെ ഹോക്കി ഇന്ത്യ ഇക്കൊല്ലത്തെ മികച്ച വനിതാ താരമായി തെരഞ്ഞെടുത്തത് സലീമയെ ആയിരുന്നു. ഒളിംപിക്സിലേക്ക് യോഗ്യത നേടാനാവാതെ വന്നതോടെയാണ് സവിത പൂനിയയെ നായിക സ്ഥാനത്ത് നിന്ന് നീക്കിയത്. പക്ഷെ താരത്തിന്റെ പരിചയ സമ്പത്ത് വിലകുറച്ച് കാണാനാവില്ല. അതിനാല്‍ ടീമിലെ അഭിവാജ്യ ഘടകമായി നിലനിര്‍ത്തിയിട്ടുണ്ട്.
വരുന്ന 22ന് ആന്റ്വേര്പ്പിലാണ് ഹോക്കി പ്രോ ലീഗിന്റെ ബെല്‍ജിയം പാദം തുടങ്ങുക. അര്‍ജന്റീനയ്ക്കും ബെല്‍ജിയത്തിനും എതിരെ രണ്ട് വീതം മത്സരങ്ങളാണ് കളിക്കുക. അതിന് ശേഷം അടുത്ത മാസം ഒന്ന് മുതല്‍ ഇംഗ്ലണ്ട് പാദം തുടങ്ങും. ലണ്ടനിലാണ് മത്സരങ്ങള്‍. ബ്രിട്ടനെയും ജര്‍മനിയെയും ആയിരിക്കും നേരിടുക. വനിതാ പ്രോ ലീഗില്‍ ഭാരതം നിലവില്‍ ആറാം സ്ഥാനത്താണ്. ആകെ എട്ട് കളികളില്‍ നിന്ന് എട്ട് പോയിന്റുമായാണ് ആറാമത് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: