തൃശൂര്‍: തൃശൂരില്‍ ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനത്തിനിരയായ യാത്രക്കാരന് മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന് (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ കണ്ടക്ടര്‍ പവിത്രനെ ബസ്സില്‍ നിന്നും തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം.
ഏപ്രില്‍ രണ്ടിനാണ് പവിത്രനെ ബസ്സില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ചില്ലറയെച്ചൊല്ലി ബസില്‍വെച്ച് കണ്ടക്ടറും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. പിന്നീട് തൊട്ടടുത്ത സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇദ്ദേഹത്തെ ബസില്‍നിന്ന് തള്ളിയിട്ടത്. വീണുകിടന്ന പവിത്രനെ കണ്ടക്ടര്‍ പിന്നാലെയെത്തി മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു.
പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കുള്ളതിനാല്‍ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. കണ്ടക്ടര്‍ രതീഷിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് നിലവില്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: