ന്യൂദല്‍ഹി: അങ്ങിനെ എല്ലാ തലത്തിലും നടന്നുവരുന്ന ഇന്ത്യാ-ചൈന യുദ്ധം ഇനി ചെസ് കളത്തിലേക്കും. ലോക ചെസ് കിരീടത്തിനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ 17-കാരനായ ഗുകേഷ് മാറ്റുരയ്ക്കുക ഇപ്പോഴത്തെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറനുമായി.പോരാട്ട വേദിയും തീയതിയും മാത്രമേ ഇനി നിശ്ചയിക്കാനുള്ളൂ. 70 കോടി ചെലവുള്ള ഈ ഭാരിച്ച ടൂര്‍ണ്ണമെന്റ് ഏറ്റെടുക്കാന്‍ ഇന്ത്യയും ശ്രമിക്കുന്നുണ്ട്. അതില്‍ വിജയിച്ചാല്‍ പോരാട്ട വേദി ഇന്ത്യയാകും.
കഴിഞ്ഞ ആഴ്ച കാനഡയിലെ ടൊറന്റോയില്‍ സമാപിച്ച കാന്‍ഡിഡേറ്റ്സ് ചെസില്‍ കിരീടം നേടിയതോടെയാണ് ഗുകേഷ് ലോക ചെസ് കിരീടത്തിന് നിലവിലെ ലോകചാമ്പ്യനെ ചലഞ്ച് ചെയ്യാവുന്ന കളിക്കാരനായി മാറിയത്. ഇത്രയും കുറഞ്ഞ പ്രായത്തില്‍ കാന്‍ഡിഡേറ്റ്സ് പോലുള്ള ലോകത്തിലെ പ്രഗത്ഭമതികളായ എട്ട് ഗ്രാന്റ് മാസ്റ്റര്‍ മാരുടെ പോരാട്ടത്തില്‍ കിരീടം നേടുക വഴി ഗുകേഷ് പുതിയ ഒരു ലോക റെക്കോഡ് തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥാപിച്ചത്.
പക്ഷെ ഈ ലോക ചെസ് കിരീടപ്പോരാട്ടവേദിയില്‍ നടക്കുന്ന ഇന്ത്യാ-ചൈന പോരാട്ടത്തില്‍ വിജയം ഇന്ത്യയുടേതായിരിക്കുമെന്നാണ് കരുതുന്നത്. ചെസ് രംഗത്ത് ഇനി ഇന്ത്യയുടെ ആധിപത്യമാണ് വരാന്‍ പോകുന്നതെന്ന് പഴയ കാല അജയ്യനായ ചെസ് താരം റഷ്യയുടെ ഗാരി കാസ്പറോവ് കഴിഞ്ഞ ആഴ്ചയില്‍ പ്രസ്താവിച്ചിരുന്നു. കാന്‍ഡിഡേറ്റ്സ് ചെസിലെ കൗമാരക്കാരായ ഇന്ത്യന്‍ താരങ്ങളായ പ്രജ്ഞാനന്ദ, ഗുകേഷ്, വിദിത് ഗുജറാത്തി, വൈശാലി, കൊനേരു ഹംപി എന്നിവരുടെ മിടുക്കന് പോരാട്ടങ്ങളാണ് ഗാരി കാസ്പറോവിനെക്കൊണ്ട് അങ്ങിനെ പറയിച്ചത്.
ഭാഗ്യം കൊണ്ട് കാന്‍ഡിഡേറ്റ്സിലെത്തിയ ഡിങ്ങ് ലിറന്
വാസ്തവത്തില്‍ ചൈനയുടെ ഡിങ്ങ് ലിറന്റെ കഥയെടുത്താല്‍ അദ്ദേഹം തന്നെ ലോക ചെസ് കിരീടത്തിലേക്ക് യാദൃച്ഛികമായി, ഭാഗ്യം കൊണ്ട് കടന്ന് വന്ന ആളാണ്. 2022ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ പോലുമുള്ള യോഗ്യത ഡിങ്ങ് ലിറനുണ്ടായിരുന്നില്ല.
പക്ഷെ ദൈവനിയോഗം ഡിങ്ങ് ലിറന് അനുകൂലമായിരുന്നു. 2022ലാണ് റഷ്യയുടെ ചെസ് താരമായ സെര്‍ജി കര്‍ജാകിനെതിരെ ഫിഡെ എന്ന ലോക ചെസ് ഫെഡറേഷന് തിരിഞ്ഞത്. ഇതിന് കാരണം സെര്‍ജി കര്ജാകിന് റഷ്യ-ഉക്രൈന് യുദ്ധത്തില്‍ റഷ്യയ്ക്ക് അനുകൂലമായി പരസ്യ നിലപാടെടുത്തതാണ്. ഇതോടെ ആറ് മാസത്തേക്ക് ഫിഡെ അവരുടെ ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സെര്‍ജി കര്‍ജാകിനെ വിലക്കി. അതിനെതിരെ അപ്പീല്‍ നല്‍കാമെന്ന് അവര്‍ സെര്‍ജി കര്‍ജാകിനോട് പറഞ്ഞെങ്കിലും ഈ വിഷയത്തില്‍ ശക്തമായ റഷ്യന്‍ അനുകൂല നിലപാടുള്ള സെര്‍ജി കര്ജാകിന് അതിന് തയ്യാറായില്ല. പകരം റഷ്യ കര്ജാകിന് വേണ്ടി ഫിഡെ അപ്പീല്‍ സമിതിയില്‍ കേസ് വാദിച്ചു. എന്നാല്‍ കര്‍ജാകിനെ ആറ് മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിലക്കിയ തീരുമാനം ഫിഡെ അപ്പീല്‍ സമിതി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
2022ലെ കാന്‍ഡിഡേറ്റ്സ് ചെസില്‍ യോഗ്യത നേടിയ കളിക്കാരനായിരുന്നിട്ടും സെര്‍ജി കര്‍ജാകിനെ ഒഴിവാക്കാന്‍ ഫിഡെ തീരുമാനിച്ചു. പകരം 2022ലെ റേറ്റിംഗ് നോക്കി, ഏറ്റവും റേറ്റിംഗ് ഉള്ള കളിക്കാരനെ കാന്‍ഡിഡേറ്റ്സില്‍ കളിക്കാന്‍ എടുക്കാം എന്ന് തീരുമാനിച്ചു. അങ്ങിനെയാണ് ചൈനയുടെ ഡിങ്ങ് ലിറന് 2022ലെ കാന്‍ഡിഡേറ്റ്സില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ആ വര്‍ഷത്തെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ ഡിങ്ങ് ലിറന് രണ്ടാം സ്ഥാനക്കാരനായി.
ലോകചാമ്പ്യനാകാന്‍ വീണ്ടും ഡിങ്ങ് ലിറനെ ഭാഗ്യം തുണയ്ക്കുന്നു
കാന്‍ഡിഡേറ്റ്സില്‍ രണ്ടാം സ്ഥാനക്കാരനായ ഒരു കളിക്കാരന് ലോക ചെസ് ചാമ്പ്യനെ ലോക കിരീടത്തിന് വേണ്ടി വെല്ലുവിളിക്കാന്‍ സാധിക്കില്ല. 2022ല്‍ ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനായിരുന്നു. ഇദ്ദേഹത്തെ നിയമപ്രകാരം വെല്ലുവിളിക്കേണ്ടത് 2022ലെ കാന്‍ഡിഡേറ്റ്സ് ചെസില്‍ കിരീടം നേടിയ റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയായിരുന്നു. പക്ഷെ തികച്ചും യാദൃച്ഛികമെന്നേ പറയേണ്ടു, 2023ല്‍ ലോകകിരീടം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്നും മാഗ്നസ് കാള്സന് പിന്മാറി. കാരണം തനിക്ക് 2022ലെ കാന്‍ഡിഡേറ്റ്സ് കിരീട ജേതാവായ റഷ്യന്‍ താരം ഇയാന്‍ നെപോമ് നിഷിയുമായി മത്സരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു മാഗ്നസ് കാള്‍സന്റെ വിശദീകരണം. കാരണം ഇയാന്‍ നെപോമ് നിഷിയുമായി ലോക ചെസ് കിരീടത്തിന് പോരാടുക എന്നത് തനിക്ക് പ്രചോദനം പകരുന്ന ഒരു കാര്യമല്ലെന്നായിരുന്നു മാഗ്നസ് കാള്‍സന്റെ വാദം. കാരണം 2021ല്‍ നടന്ന ലോക ചെസ് കിരീടപ്പോരാട്ടത്തിലും മാഗ്നസ് കാള്‍സനും ഇയാന്‍ നെപോമ് നിഷിയും തമ്മിലായിരുന്നു യുദ്ധം. ഇതില്‍ കാള്സന് 7.5-3.5 പോയിന്റിന് കിരീടം നേടി. ആദ്യ അഞ്ചു ഗെയിമുകളില്‍ ഇയാന്‍ നെപോമ് നിഷി മാഗ്നസ് കാള്‍സനെ സമനിലയില്‍ പിടിച്ചെങ്കിലും ആറാം ഗെയിമില്‍ മാഗ്നസ് കാള്സന് വിജയിച്ചു. തുടര്‍ന്നുള്ള മൂന്നു ഗെയിമുകള്‍ കുടി മാഗ്നസ് കാള്സന് വിജയിച്ചു. പിന്നീട് അവസാന രണ്ട് കളികള്‍ സമനിലയിലായി. അങ്ങിനെയാണ് 7.5-3.5 പോയിന്റിന് കാള്സന് ലോകകിരീടം നേടുന്നത്.
എന്തായാലും 2023ലെ ലോക ചെസ് കിരീടത്തിനായി പോരാടുന്നതില്‍ നിന്നും അന്നത്തെ ലോക ചാമ്പ്യനായ മാഗ്നസ് കാള്സന് പിന്‍വാങ്ങിയതോടെ കാന്‍ഡിഡേറ്റ്സിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ ലോകകിരീടത്തിന് പോരാടട്ടെ എന്ന് ഫിഡെ തീരുമാനിച്ചു. അങ്ങിനെയാണ് കാന്‍ഡിഡേറ്റ്സ് ചെസിലെ രണ്ടാം സ്ഥാനക്കാരനായ ഡിങ് ലിറന് ഒന്നാം സ്ഥാനക്കാരനായ ഇയാന്‍ നെപോമ് നിഷിയുമായി ലോക കിരീടത്തിന് പോരാടിയത്. ഈ പോരാട്ടത്തില്‍ 14 ഗെയിമുകളില്‍ 7-7 ആയതോടെ കളി ടൈബ്രേക്കറിലേക്ക് നീങ്ങി. അതില്‍ റാപിഡ് ചെസ് റൗണ്ടില്‍ ആദ്യ മൂന്ന് ഗെയിമുകള്‍ സമനിലയിലായെങ്കിലും നാലാം ഗെയിം ഡിങ്ങ് ലിറന് വിജയിച്ചതോടെ അദ്ദേഹം ലോക ചെസ് ജേതാവായി മാറി.
എന്തായാലും അതിന് ശേഷം ചൈനക്കാരനായ ഡിങ്ങ് ലിറന് ചെസിലെ ലോകമത്സരങ്ങളിലൊന്നും കാര്യമായി തിളങ്ങിയിട്ടില്ല. ഗുകേഷാകട്ടെ മികച്ച ഫോമിലും ഏത് സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് ജയം നേടാനുള്ള കരുത്തുറ്റ മാനസികാവസ്ഥയിലുമാണ്. അതുകൊണ്ട് തന്നെ 2024ലെ ലോക ചെസ് പോരാട്ടത്തിനുള്ള ഇന്ത്യ-ചൈന യുദ്ധത്തില്‍ ഗുകേഷ് ജയിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: