പുനരുപയോഗ ഊര്‍ജ്ജരംഗത്ത് പുതുപദ്ധതികള്‍ നടപ്പാക്കി വന്‍ലാഭത്തിലേക്ക് കുതിച്ച ഐആര്‍ഇഡിഎയ്‌ക്ക് നവരത്ന പദവി. മോദി സര്‍ക്കാരിന് കീഴില്‍ നവരത്ന പദവി നല്‍കുന്ന മൂന്നാമത്തെ പൊതുമേഖലാസ്ഥാപനമാണ് ഐആര്‍ഇഡിഎ. നവരത്ന പദവി ലഭിക്കുന്ന 17ാമത്തെ പൊതുമേഖലാ സ്ഥാപനമാണ് ഐആര്‍ഇഡിഎ.
ഇതിന് പിന്നില്‍ പ്രദീപ് കുമാര്‍ ദാസ് എന്ന കമ്പനി എംഡിയുടെ കൈകളുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ നിഷ്ക്രിയ ആസ്തി 7.18 ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിന് താഴേക്ക് കൊണ്ടുവന്നതാണ് പ്രദീപ് കുമാറിന്റെ നേട്ടം. മാത്രമല്ല, കഴിഞ്ഞ 12 സാമ്പത്തിക പാദങ്ങളില്‍ കമ്പനിയ്‌ക്ക് കൈവരിക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയും അത് സ്വന്തമാക്കുകയും ചെയ്തു എന്നതും ഒരു നേട്ടമാണ്.
കമ്പനിക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ വകുപ്പിൽ നിന്ന് ‘നവരത്ന പദവി’ ലഭിച്ചതിനെത്തുടർന്ന് ഓഹരി വിപണിയിലും കുതിപ്പുണ്ടായി. ‘നവരത്ന പദവി’ ലഭിച്ചതിന് പിന്നാലെ ഓഹരി വിലയില്‍ 10 ശതമാനത്തിലധികം മുന്നേറ്റമാണ് ഐആർഇഡിഎ ഓഹരി കാഴ്ചവെച്ചത്.
പുനരുപയോഗ ഊർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ). 1987ലാണ് കമ്പനിയുടെ തുടക്കം. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ലൈസൻസും ഉണ്ട്.
നവരത്ന പദവി ലഭിച്ചതോടെ ഇനി 10,000 കോടി വരെയുള്ള ഒറ്റത്തവണ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. ഇത് ഐആര്‍ഇഡിഎയ്‌ക്ക് ഭാവിയില്‍ വികസനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിക്ക് കാത്തുനില്‍ക്കാതെ വേഗത്തിലാക്കാന്‍ കഴിയും.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.76 ശതമാനം ലാഭമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 30 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 208.22 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഐആർഇഡിഎ നൽകിയത്. ഒരു വർഷത്തിനിടെ 200 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരിയായി മാറി ഐആർഇഡിഎ.
2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഐആർഇഡിഎയുടെ അറ്റാദായം 33 ശതമാനം വർധിച്ച് 337.37 കോടി രൂപയായി. കമ്പനിയുടെ എക്‌സ്‌ചേഞ്ച് സ്റ്റേറ്റ്‌മെൻ്റ് അനുസരിച്ച്, 2023 ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം 253.61 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 1,036.31 കോടി രൂപയിൽ നിന്ന് 1,391.63 കോടി രൂപയായി ഉയർന്നു. 2022-2023 ലെ 864.62 കോടി രൂപയിൽ നിന്ന് 44.83% വർധിച്ച് നികുതിക്ക് ശേഷമുള്ള വാർഷിക ലാഭം 1252.23 കോടി രൂപ എന്ന ഉയർന്ന നിരക്കിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: