ന്യൂദല്‍ഹി: ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍ ബിജെപി ചരിത്ര മുന്നേറ്റം നടത്തുമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഉത്തരഭാരതത്തില്‍ വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകളെ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍ ബിജെപിക്കുള്ള എംപിമാരുടെ എണ്ണം നിലവിലെ 39ല്‍ നിന്ന് 60 ലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഫലം പുറത്തുവരുമ്പോള്‍ ബിജെപി ചരിത്രം കുറിക്കും. തമിഴ്നാട്ടിലെ രണ്ടാമത്തെ പ്രധാന ശക്തിയായി ബിജെപി ഉയര്‍ന്നുവരികയാണ്. ഇവിടുത്തെ രാഷ്ട്രീയ മണ്ഡലത്തിലെ നാടകീയമായ മാറ്റത്തിന് നാം സാക്ഷ്യം വഹിക്കും. കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
പച്ച നുണകളുടെയും തെറ്റായ വിവരങ്ങളുടെയും വ്യാപകമായ പ്രചാരണമാണ് തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും 2047ല്‍ വികസിത ഭാരതമെന്ന കാഴ്ചപ്പാടും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചരണം. എന്നാല്‍ പച്ചനുണകളും തെറ്റായ വിവരങ്ങളും വ്യാജ വീഡിയോകളും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഒരു കാഴ്ചപ്പാട് നല്‍കുന്നതിനുപകരം മാര്‍ക്സിസത്തെ അനുസ്മരിപ്പിക്കുന്ന വിചിത്രമായ സാമ്പത്തിക നിര്‍ദേശങ്ങളും ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. കൊള്ളയും കളവും കോണ്‍ഗ്രസിന്റെ മുഖമുദ്രയായി.
ബിജെപി 400 സീറ്റ് നേടിയാല്‍ ഭരണഘടനമാറ്റിയെഴുതുമെന്ന വ്യാജപ്രചരണം നടത്തി കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാല്‍, അതേ കോണ്‍ഗ്രസാണ് ചരിത്രത്തില്‍ മറ്റേതൊരു പാര്‍ട്ടിയേക്കാളും ഭരണഘടനാ ഭേദഗതി നടത്തിയത്. നുണ പ്രചാരണത്തിനായി വ്യാജവീഡിയോകള്‍ പോലും സൃഷ്ടിക്കുന്നു. നിരാശരായ കോണ്‍ഗ്രസ് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുമെന്ന് ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിപ്പോള്‍ സത്യമായിരിക്കുകയാണ്. സംവരണ നയങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വ്യാജ വീഡിയോകള്‍ പുറത്തിറക്കുന്നു. കോണ്‍ഗ്രസ് ഒബിസി സംവരണം എടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കിയിരുന്നു. രംഗനാഥ മിശ്ര കമ്മിഷന് റിപ്പോര്‍ട്ട് ശുപാര്‍ശകളില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമായിരുന്നു.
ഭരണഘടനാ ലംഘനമായ മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ വക്താവ് ഷേഹ്സാദ് പൂനവാലയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: