ന്യൂദല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് പിയൂഷ് ഗോയല്‍ ജനവിധി തേടുന്നത്. 2010 മുതല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ പിയൂഷ് ഗോയല്‍ നിലവില്‍ സഭയിലെ കക്ഷിനേതാവുകൂടിയാണ്. ന്യൂദല്‍ഹി മണ്ഡലത്തിലാണ് ബാന്‍സുരി സ്വരാജ് മത്സരിക്കുന്നത്. രണ്ടുപേരുടെയും ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്.
മഹാരാഷ്ട്രയിലെ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, കേന്ദ്രമന്ത്രി രാംദാസ് അത്തേവാല, ഗോപാല്‍ ഷെട്ടി എംപി, മുംബൈ ബിജെപി പ്രസിഡന്റ് ആശിഷ് ഷേലര്‍ എന്നിവരും പിയൂഷ് ഗോയലിനൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി. വരണാധികാരി മുംബൈ (സബര്‍ബന്‍) ജില്ലാ കളക്ടര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയും കളക്ട്രേറ്റില്‍ എത്തി. ബോറിവലി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം റാലിയായാണ് അദ്ദേഹം നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു. 2014, 19 തെരഞ്ഞെടുപ്പുകളില്‍ ഗോപാല്‍ ഷെട്ടിയാണ് ഇവിടെ നിന്ന് വിജയിച്ചത്. പ്രതിപക്ഷം ഇതുവരെ ഇവിടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മെയ് മൂന്നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 20നാണ് വോട്ടെടുപ്പ്.
ന്യൂദല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ബാന്‍സുരി സ്വരാജ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ദല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് മുതിര്‍ന്ന നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അണിനിരന്ന റോഡ് ഷോയും നടത്തി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്, മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനി എന്നിവര്‍ ജനവിധി തേടിയ മണ്ഡലമാണ് ന്യൂദല്‍ഹി. 2014, 19 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ് ഇവിടെ മത്സരിച്ചത്. സുപ്രീംകോടതി അഭിഭാഷകയായ ബന്‍സുരി സ്വരാജ് നിലവില്‍ ബിജെപി ദല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറാണ്. 25നാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: