തിങ്കളാഴ്ച മുന്നേറ്റം നടത്തിയ ഓഹരി വിപണി ചൊവ്വാഴ്ച ഉച്ചവരെയും നല്ല മുന്നേറ്റം നടത്തിയെങ്കിലും ഉച്ചയ്‌ക്ക് ശേഷം നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു. 189 പോയിന്‍റിന്റെ നഷ്ടത്തില്‍ സെന്‍സെക്സ് 74,482 പോയിന്‍റില്‍ അവസാനിച്ചു. നിഫ്റ്റിയാകട്ടെ 38 പോയിന്‍റ് നഷ്ടപ്പെട്ട് 22600ല്‍ അവസാനിച്ചു. ഇനി നിഫ്റ്റി 22500ല്‍ താഴേക്ക് പോയാല്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് ടെക്നികല്‍ വിശകലനം നടത്തുന്നവര്‍ വിലയിരുത്തുന്നത്.
രാവിലെ ജപ്പാനീസ് യെന്‍ ഡോളറിനെതിരെ നേട്ടമുണ്ടാക്കിയതോടെ ഏഷ്യന്‍ വിപണികള്‍ എല്ലാം ഉണര്‍ന്നിരുന്നു. കഴിഞ്ഞ 34 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ബലമായ നിലയിലായിരുന്നു യെന്‍. ഒരു ഡോളറിന് 155 യെന്‍ എന്ന നിലയിലായിരുന്നു. എന്നാല്‍ ജപ്പാന്‍ ഗവണ്‍മെന്‍റ് തന്നെ ഇടപെടല്‍ നടത്തിയെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. കാരണം യെന്‍ കറന്‍സിയുടെ മൂല്യം ഇന്ന് 2 ശതമാനം ഉയര്‍ന്നു.
അതുപോലെ ചൈനയുടെ പിഎംഐ കണക്കുകള്‍ പ്രകാരം അവിടുത്തെ വ്യാവസായികോല്‍പാദനം കൂടുന്നതായാണ് പറയപ്പെടുന്നത്. ഇതും ചൈനീസ് വിപണി ഉയരുന്നതിന് കാരണമായി. അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരിവിപണിയിലും ഉച്ച വരേയ്‌ക്കും ഉയര്‍ന്ന് തന്നെ നിന്നത്. ഇസ്രയേല്‍-ഹമാസ് ചര്‍ച്ചകളില്‍ ചില സമാധാനനീക്കങ്ങള്‍ കാണുന്നതിനാല്‍ യുദ്ധഭീതി ഒഴിഞ്ഞുതുടങ്ങുകയാണ്. എങ്കിലും ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകള്‍ക്ക് നേരെ ഹൂതികളും മറ്റും ആക്രമണം തുടരുന്നു എന്ന ആശങ്ക നിലനില്‍ക്കുന്നു. തിങ്കളാഴ്ച അല്‍പം താഴ്ന്ന എണ്ണവില ചൊവ്വാഴ്ച അല്‍പം ഉയര്‍ന്നെങ്കിലും ആശങ്കപ്പെടാനില്ല.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നഷ്ടം രേഖപ്പെടുത്താതെ പിടിച്ചുനില്‍ക്കുന്നത് പ്രതീക്ഷ ഉണര്‍ത്തുന്നു. ഒരു ഘട്ടത്തില്‍ നാല് പൈസയുടെ വരെ നേട്ടമുണ്ടാക്കിയെങ്കിലും അവസാനമായപ്പോള്‍ ഒരു പൈസ നഷ്ടമായി. ഒരു ഡോളറിന് ചൊവ്വാഴ്ച 83 രൂപ 46 പൈസ എന്ന നിലയില്‍ അവസാനിച്ചു.
ഓട്ടോമൊബൈല്‍ രംഗത്തെ ഓഹരികള്‍ വന്‍മുന്നേറ്റം നടത്തി. ഹീറോ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ടിവിഎസ്, ഐഷര്‍ മോട്ടോഴ്സ്, ടാറ്റാ മോട്ടോഴ്സ് എന്നിവ കുതിച്ചു. ബജാജ് ഓട്ടോ 1.7 ശതമാനം കുതിച്ചു. 8760 രൂപയില്‍ നിന്നും അത് 8915 രൂപയിലേക്ക് കുതിച്ചു. ഏകദേശം 155 രൂപയുടെ ലാഭം.
ടെക് മഹീന്ദ്ര, കൊടക് ബാങ്ക്, ടാറ്റാ എല്‍ക്സി, ബിപിസിഎല്‍, ജെഎസ് ഡബ്ള്യു സ്റ്റീല്‍, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. ഐടി, മെറ്റല്‍ മേഖലയിലെ ഓഹരികളുടെയും വില താഴ്ന്നു.
ട്രെന്‍റ് വീണ്ടും ഉയര്‍ച്ചയില്‍
ടാറ്റായുടെ ഫാഷന്‍ റീട്ടെയ്ല്‍ ബ്രാന്‍റായ ട്രെന്‍റ് തിങ്കളാഴ്ചത്തേതു പോലെ ചൊവ്വാഴ്ചയും ഉയര്‍ന്നു. ചൊവ്വാഴ്ച 96 രൂപയുടെ നേട്ടമുണ്ടാക്കി. 4410 രൂപയില്‍ ആണ് ഈ ഉയര്‍ച്ച അവസാനിച്ചത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാലാം സാമ്പത്തിക പാദത്തിലെ ത്രൈമാസക്കണക്കില്‍ മികച്ച ലാഭം രേഖപ്പെടുത്തിയിരുന്നു. ഇന്‍വെസ്റ്റ് മെന്‍റ് കമ്പനികളെല്ലാം വീണ്ടും ഓഹരി ഉയരുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്.
ഭെല്‍ ഓഹരി ഉയര്‍ന്നത് പുതിയ ബിസിനസ് മൂലം
പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് ദുബായിലെ റെയില്‍വേ സിഗ്നലിംഗ് സംവിധാനത്തിന് ചില ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള ഓര്‍ഡര്‍ കിട്ടിയതിനാല്‍ ഭെല്‍ ഓഹരി വില ഉയര്‍ന്നു. ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് വേണ്ടി ട്രാക്ഷന്‍ മോട്ടോറുകളും ട്രാക്ഷന്‍ ആള്‍ടര്‍നേറ്ററുകളും തുടങ്ങി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതും ഭെല്‍ ആണ്. ഓഹരി വില 277ല്‍ നിന്നും 282.50 ആയി ഉയര്‍ന്നു.
ആര്‍ഇസി ഓഹരി വില ഉയര്‍ന്നു
റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ (ആര്‍ഇസി) അവരുടെ നാലാം സാമ്പത്തികപാദ ഫലം പോസിറ്റീവായതിനാല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ത്രൈമാസ ലാഭത്തില്‍ 34 ശതമാനം ഉയര്‍ച്ച ഉണ്ടായി. ഇതോടെ ഓഹരി വില 463 രൂപയില്‍ നിന്നും 496 രൂപയിലേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: