തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള വാക്പോരിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി തിരുവനന്തപുരം കോര്പ്പറേഷന്.ഭരണപക്ഷം മേയര്‍ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണെന്നാണ് ഡെപ്യൂട്ടി മേയര്‍ പി കെ രാജു പ്രതികരിച്ചത്.
ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി. തലസ്ഥാനത്തെ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ബിജെപി കൗണ്‍സിലര്‍ അനിലാണ് വിഷയം കൗണ്‍സില്‍ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പിന്നാലെ ഭരണകക്ഷി കൗണ്‍സിലര്‍മാരുമായി വാക്കേറ്റം നടന്നു.
നഗരസഭയ്ക്ക് മുഴുവന്‍ അപമാനമുണ്ടാക്കുന്ന സാഹചര്യമാണ് മേയറുടെ ഇടപെടല്‍ മൂലം ഉണ്ടായതെന്ന് അനില്‍ പറഞ്ഞു.ഈ ഭരണസമിതി അധികാരത്തില്‍ വന്നതുമുതല്‍ വിവാദങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കോര്പ്പറേഷന് കളങ്കമുണ്ടാക്കിയ മേയര്‍ മാപ്പ് പറയണം. മേയര്‍ പദവി ദുരുപയോഗം ചെയ്തെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ ഇറങ്ങി മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ഇറങ്ങിപ്പോയി.
അതേസമയം, ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിന് പിന്നാലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.
ശരിയായ വസ്തുത അന്വേഷിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ എന്തുകൊണ്ട് ഒരു ഫോണ്‍ കോള്‍ പോലും ചെയ്തില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന് ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിഷയമാണ് ഉണ്ടായതെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ ഡിആര്‍ അനില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി കണ്ടക്ടറുമായുള്ള തര്‍ക്കം നിയമപരമായി നേരിടുമെന്ന് മേയര്‍ പറഞ്ഞു. തന്റെ കുടുംബം പ്രതികരിച്ചത് ഈ നാട്ടില്‍ തെറ്റായ പ്രവണത ഉണ്ടാകാതിരിക്കാനാണ്. തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിച്ചത്. സൈബര്‍ ആക്രമണം നടക്കുന്നുവെന്നും മേയര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: