തിരുവനന്തപുരം: ഇടത് വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വര്‍ഗീയ പ്രചരണം കേരളത്തെ ഭിന്നിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വടകരയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഈ വിഭജന രാഷ്ട്രീയത്തിന്റെ അനന്തരഫലമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സിഎഎയുടെ പേരില്‍ മുഖ്യമന്ത്രിയാണ് വര്‍ഗീയ പ്രചരണത്തിന് നേതൃത്വം നല്‍കിയത്. വി.ഡി. സതീശന് അത് ഏറ്റെടുത്തു. മലബാറില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ കാണുന്നതിന് പകരം അര്‍ദ്ധരാത്രി ജനങ്ങളെ ഭയപ്പെടുത്തുന്ന നൈറ്റ്മാര്ച്ചുകള് നടത്തി. ഒരു സമുദായത്തിന്റെ വോട്ട് ലക്ഷ്യം വച്ച് നടത്തിയ നീചമായ പ്രചാരണം സമൂഹത്തില്‍ വലിയ അസ്വസ്ഥതയാണുണ്ടാക്കിയത്.
വിതച്ചത് എല്‍ഡിഎഫും യുഡിഎഫും ആണെങ്കില്‍ കൊയ്യുന്നത് മതതീവ്രവാദികളായിരിക്കുമെന്ന് ഉറപ്പാണ്. വടകരയിലും കോഴിക്കോടുമെല്ലാം രണ്ട് മുന്നണികളും പച്ചയ്ക്ക് മതം പറഞ്ഞാണ് വോട്ട് പിടിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും വടകരയേയും കോഴിക്കോടിനെയും വര്‍ഗീയതയുടെ പരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: