അയോദ്ധ്യ: സരയുവിലെ പുണ്യതീര്‍ത്ഥം കൊണ്ട് ശ്രീലങ്കയിലെ സീതമ്മയ്ക്ക് അഭിഷേകം. സീതാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന സീതമ്മ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി സരയൂ നദിയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പുണ്യജലം അയയ്ക്കുന്നതിനുള്ള നടപടികള്‍ ഭാരതം ആരംഭിച്ചു. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ചടങ്ങ് മെയ് 19ന് നടക്കും.
ചടങ്ങുകള്‍ക്ക് പുണ്യസരയുവിലെ ജലം ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പ്രതിനിധികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ശ്രീലങ്കയിലേക്ക് പുണ്യജലം എത്തിക്കുന്നതിന് ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. സരയൂ നദീജലം ശ്രീലങ്കയിലേക്ക് അയക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങളും സാംസ്കാരിക ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള ഭാരതത്തിന്റെ നിലപാട് ശ്രേഷ്ഠമാണെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അഭിപ്രായപ്പെട്ടു.
ഭാരതവും ശ്രീലങ്കയും തമ്മിലുള്ള ആത്മീയവും സാംസ്കാരികവുമായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക് സീതമ്മ ക്ഷേത്രത്തിലെ ചടങ്ങ് വലിയ പങ്ക് വഹിക്കുമെന്ന് അയോദ്ധ്യ തീര്‍ഥ വികാസ് പരിഷത്ത് സിഇഒ സന്തോഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ശ്രീലങ്കയിലെ ക്ഷേത്രം എല്ലാ സനാതനവിശ്വാസികള്ക്കും അഭിമാനകരമാണെന്ന് മഹന്ത് ശശികാന്ത് ദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ടാണ് ശ്രീലങ്കയില്‍ ഈ പ്രവര്‍ത്തനം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: