ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ക്കശ നിര്‍ദ്ദേശം. വായ്പ എടുക്കുന്നവരില്‍ നിന്ന് അമിത പലിശ ഈടാക്കാനായി പലതരത്തിലുള്ള തന്ത്രങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അനുവര്‍ത്തിച്ചു വരുന്നതായി റിസര്‍വ് ബാങ്ക് വിലയിരുത്തി.
നിലവില്‍ വായ്പ അനുവദിക്കുന്ന തീയതി മുതല്‍ പലിശ ഈടാക്കുന്ന പ്രവണത ചില ധനകാര്യ സ്ഥാപനങ്ങള്‍ പിന്തുടരുന്നുണ്ട്. മേലില്‍ വായ്പതുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വരുന്ന തിയതി മുതല്ക്കേ പലിശ ഈടാക്കാന്‍ അനുവദിക്കൂ. ചെക്ക് വഴി വായ്പാ തുക നല്കുമ്പോഴും ഇത്തരത്തിലുള്ള രീതി ധനകാര്യസ്ഥാപനങ്ങള്‍ പിന്തുടരുന്നുണ്ട്. ചെക്കിലെ തീയതി വച്ചാണ് വായ്പാ പലിശ ഈടാക്കുന്നത്. എന്നാല്‍ അത് പണമാക്കുന്ന തീയതി മുതല്‍ മാത്രമേ ഇനി പലിശ ഈടാക്കി തുടങ്ങാവൂ.
വായ്പ കുടിശ്ശികയുള്ള ദിവസങ്ങളിലേക്ക് മാത്രമേ പലിശ ഈടാക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ മുഴുവന്‍ മാസത്തേയും പലിശ ഈടാക്കുന്ന രീതിയാണ് ഇത് അവസാനിപ്പിക്കും. തുടക്കത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ഒന്നിലേറെ മാസത്തവണകള്‍ മുന്‍കൂറായി വാങ്ങുകയും എന്നാല്‍ വായ്പയെടുക്കുന്ന മുഴുവന്‍ തുകയ്ക്കും പലിശ ഈടാക്കുകയും ചെയ്യുന്ന തരത്തിലുള്ള വെട്ടിപ്പും ചില ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് ദോഷകരമാകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരം നടപടികള്‍ക്കെതിരെ മേലില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: