കോഴിക്കോട്: പൊലീസിനെ നമ്മള്‍ സാര്‍ എന്ന് വിളിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ സേവകരായ പൊലീസ് നമ്മളെയാണ് സാര്‍ എന്ന് വിളിക്കേണ്ടത്. പക്ഷേ, നമ്മുടെ സേവകരായ ആളുകളെ നമ്മള്‍ സാര്‍ എന്നുവിളിക്കുകയും അവര്‍ നമ്മളോട് മോശമായി പെരുമാറുകയുമാണ് ഇവിടെ.
മുതലാളിയെ ജോലിക്കാരന്‍ ചീത്ത പറയുന്നതുപോലെയാണ് അതെന്നും ചവറ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.
ഭരണഘടനക്ക് മുകളില്‍ മറ്റൊന്നുമില്ല. ആ ഭരണഘടന പറയുന്നത് ഓരോ പൗരന്മാരും പരമാധികാരം ഉള്ളവരാണെന്നാണ്. യു.കെയിലേതുപോലെ ഇന്ത്യയില്‍ രാജാവില്ല. നമ്മള്‍ ഓരോരുത്തരുമാണ് രാജാവ്. പക്ഷേ, ജനങ്ങള്‍ക്ക് അതറിയില്ല എന്നതാണ് വാസ്തവം. അദ്‌ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ കാര്യങ്ങളേക്കാള്‍ മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് നോക്കിയിരിക്കുകയാണ് നമ്മുടെ ജോലി. കേരളം വിട്ട് വിദേശത്തേക്ക് പോകണമെന്ന് നമ്മുടെ കുട്ടികള്‍ക്ക് തോന്നലുണ്ടാക്കുന്നതില്‍ കേരളീയരുടെ ഈ സ്വഭാവത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: