എരമല്ലൂര്‍ (ആലപ്പുഴ): മലേഷ്യയില്‍ ഹോട്ടലില്‍ ജോലിക്ക് പോയി പീഡനങ്ങള്‍ക്ക് വിധേയരായ എഴുപുന്ന കാക്കത്തുരത്തു നിവാസികളായ അര്‍ജുന്‍, അമല്‍രാജ് എന്നിവരുടെ വിവരങ്ങള്‍ അറിഞ്ഞ ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് ഭാരത എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് എത്തിച്ചു.
അര്‍ജുനും അമല്‍രാജും മലേഷ്യയില്‍ സ്വകാര്യ ഏജന്‍സി വഴി റസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലിക്കാണ് പോയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ അവര്‍ക്ക് ലഭിച്ചത് അതികഠിനമായ ജോലികളും പീഡനങ്ങളുമാണ്. പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ച് നാട്ടില്‍ പോകാതിരിക്കാന്‍ പല ശ്രമങ്ങളും അവര്‍ നടത്തി. ജീവന്‍ വരെ അപകടത്തില്‍ ആകുമെന്ന് മനസിലാക്കിയ ഇരുവരും വീട്ടിലേക്ക് വിളിച്ച് സങ്കടങ്ങള്‍ പറയുകയും രക്ഷിക്കണമെന്നും അപേക്ഷിച്ചു.
ഇവരുടെ മാതാപിതാക്കള്‍ ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ശോഭ സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രി വി, മുരളീധരനെ അറിയിച്ചു. ഭാരത എംബസിയുമായി ബന്ധപ്പെട്ട് ഉടന്‍ അര്‍ജുനെയും അമല്‍രാജിനെയും നാട്ടിലെത്തിച്ചു. തുറവൂര്‍ ക്ഷേത്രത്തിലെത്തിയ വി. മുരളീധരനെ നേരില്‍ക്കണ്ട് അര്‍ജുനും അമല്‍രാജും കുടുംബവും നന്ദിയറിയിച്ചു.
കമ്യൂണിസ്റ്റുകാരായിരുന്ന ഞങ്ങളെ ഇത്രവേഗം രക്ഷിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു. കോണ്‍ഗ്രസുകാരോ കമ്യൂണിസ്റ്റുകാരോ എന്ന് നോക്കിയല്ല, നിങ്ങള്‍ ഭാരതീയരായതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും ഭാരതീയര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് താനെന്നും മുരളീധരന്‍ പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങള്‍ കേന്ദ്രമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: