ഹൈദരാബാദ്: ഇൻഡി ബ്ലോക്ക് അഴിമതിയുടെയും പരിവാർവാദത്തിന്റെയും (കുടുംബ രാഷ്‌ട്രീയം) കൂട്ടുകെട്ടാണെന്നും തങ്ങളുടെ കുടുംബത്തിലെ കുട്ടികളെ സംരക്ഷിക്കുന്നതിലാണ് സഖ്യത്തിലുള്ള പാർട്ടികൾ ഏർപ്പെട്ടിരിക്കുന്നതെന്നും ആരോപിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. ഖമ്മം ലോക്‌സഭാ മണ്ഡലത്തിലെ കോതഗുഡെമിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്, ആർജെഡി, എഎപി, ബിആർഎസ് എന്നീ പാർട്ടികളുടെ നേതാക്കൾ ഒന്നുകിൽ ജാമ്യത്തിലോ ജയിലിലോ ആണെന്ന് അദ്ദേഹം പറഞ്ഞു.” രാഹുൽ ഗാന്ധിക്ക് ജാമ്യമുണ്ടോ, സോണിയാ ഗാന്ധിക്ക് ജാമ്യം ഉണ്ടോ, ഇല്ലേ? ഇവരെല്ലാം ജാമ്യത്തിലാണ്. പി ചിദംബരം, കാർത്തി ചിദംബരം, ലാലു യാദവ്, ഇവരെല്ലാം ജാമ്യത്തിലാണ്,” – അദ്ദേഹം പറഞ്ഞു.
ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് എഎപി നേതാക്കളും ബിആർഎസ് എംഎൽസി കെ കവിതയും ജയിലിലാണോ ഇല്ലയോ എന്നും അദ്ദേഹം ചോദിച്ചു.
“ഇവരെല്ലാം ഒന്നുകിൽ ജാമ്യത്തിലോ ജയിലിലോ ആണ്. ഇവരെല്ലാം അഴിമതിക്കാരാണ്. അവർക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. അവർക്ക് അവരുടെ കുടുംബത്തെക്കുറിച്ച് മാത്രമാണ് ആശങ്ക…” – അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ വിവിധ വികസന പരിപാടികളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുകയും ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: