ന്യൂദല്‍ഹി: ഇടതു മുന്നണി കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന് ബിജെപി കേരളാ പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഴിഞ്ഞുമാറി. വിഷയത്തെപ്പറ്റി കേരളത്തിലെ നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്ന വാക്കുകളില്‍ മറുപടി ഒതുക്കി യെച്ചൂരി മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു.
പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഇ.പി. ജയരാജന് മറച്ചുപിടിച്ചത് ഗുരുതരമായ കുറ്റമായാണ് ദേശീയ നേതാക്കള്‍ കരുതുന്നത്. വിഷയം സിപിഎം സംസ്ഥാന ഘടകം ചര്‍ച്ച ചെയ്ത ശേഷം കേന്ദ്രകമ്മിറ്റിയിലും പിബിയിലും ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം നേതാക്കളില്‍ ചിലര്‍ മുന്നോട്ട് വയ്ക്കുന്നു.
സിപിഎമ്മിലെ നിരവധി നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സൂക്ഷിച്ചു മാത്രം ഇ.പി. ജയരാജന് വിഷയത്തില്‍ നടപടി മതിയെന്ന നിലപാടും സിപിഎമ്മിനുണ്ട്. പാര്‍ട്ടിയിലും സര്‍ക്കാരിലും ഇ.പി. ജയരാജനെ മനപ്പൂര്‍വം ഒതുക്കിയെന്ന പരാതി ഉള്ളതിനാല്‍ തന്നെ കടുത്ത നടപടികളിലേക്ക് കടക്കുന്നത് കൂടുതല്‍ നാണക്കേടിന് വഴിതുറക്കുമെന്ന ഭീതിയിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: