കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ സിപിഎം-സിപിഐ പാര്‍ട്ടികള്‍ അവരുടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളെ നിരീക്ഷണത്തിലാക്കി. ഇത്തവണ, ഇടത് സര്‍വീസ് സംഘടനകള്‍ മുന്‍കാലങ്ങളിലേപ്പോലെ കണ്ണടച്ച് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്തില്ല എന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍ പോലും ഇത്തവണ അവര്‍ക്ക് കിട്ടിയ വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചുവെന്നാണ് വിവരം. ഇത് പാര്‍ട്ടിയുടെ പരാജയം കൂടുതല്‍ കടുപ്പമാക്കുമെന്ന ആശങ്കയിലാണ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരാകുന്ന ജീവനക്കാരുടെ പോസ്റ്റല്‍ വോട്ട്, അവര്‍ക്ക് ചെയ്യാന്‍ അവസരം നല്കാതെ പാര്‍ട്ടി ചെയ്ത് അവര്‍ നിശ്ചയിക്കുന്നവര്‍ക്ക് ആക്കുന്നതായിരുന്നു ഇതുവരെ രീതി. ഇത്തവണ വോട്ടുചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത് പലരും വിനിയോഗിച്ചു.
തെരഞ്ഞെടുപ്പ് പരിശീലനം ലഭിച്ച സ്ഥലത്തു തന്നെ അവരവരുടെ മണ്ഡലത്തിലെ വോട്ടു ചെയ്യാനുള്ള സംവിധാനമായിരുന്നു. ഇത് ഇടതുപാര്‍ട്ടികളുടെ ‘വോട്ടുകുത്തല്‍’ പതിവ് തെറ്റിച്ചു. ഇതുകൂടാതെ ഇടത് സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെതിരെയായിരുന്നു. പലരും കാര്യമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായില്ല. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി, സുരക്ഷിതമായി നടത്തിയ പ്രചാരണത്തിലൂടെ പിണറായി സര്‍ക്കാരിന് എതിരായാണ് വോട്ടുചെയ്തതെന്നാണ് വിവരം.
ഒരിക്കലാണെങ്കിലും തെരഞ്ഞെടുപ്പുകാലത്ത് ശമ്പളം മുടങ്ങിയതില്‍ ജീവനക്കാര്‍ ആകെ ആശങ്കയിലായിരുന്നു. പെന്‍ഷന്‍ പോലും നാളെ മുടങ്ങാനിടയുള്ള സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒരു ഷോക്ക് കൊടുക്കേണ്ടതുണ്ടെന്നായിരുന്നു സര്‍വീസ് സംഘടനാംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.
സംസ്ഥാന-ജില്ലാ നേതാക്കള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നെങ്കിലും ജീവനക്കാര്‍ രഹസ്യമായി കുടുബാംഗങ്ങള്‍ക്ക് നല്കിയ നിര്‍ദേശം സര്‍ക്കാര്‍ വിരുദ്ധ വോട്ടുകുത്തലിനായിരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് താഴേത്തട്ടില്‍ അന്വേഷണം നടത്തി ‘കുഴപ്പക്കാരെ’ കണ്ടുപിടിക്കാനുള്ള തീരുമാനത്തിലാണ് ഇടതുപാര്‍ട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: