കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ ആക്രമണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ തെരച്ചിലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഹഫീസുല്‍ ഖാന്റെ സര്‍ബീരിയയിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
സന്ദേശ്ഖാലിയില്‍ സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്കിരയാക്കുകയും ഭൂമിയും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി ഷാജഹാന്‍ ഷെയ്ഖിന്റെ വസതിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇ ഡി സംഘത്തെ ടിഎംസി അനുകൂലികള്‍ ചേര്‍ന്ന് ആക്രമിച്ചത്. കേന്ദ്ര സുരക്ഷാ സേനയുടെ സഹായത്തോടെ തെരച്ചിലിനെത്തിയ സിബിഐ സര്‍ബീരിയയിലെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ നിരവധി ബോംബുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച തെരച്ചില്‍ നടത്തിയത്. റെയ്ഡ് തുടരുകയാണ്.
സന്ദേശ്ഖാലിയിലെ ലൈംഗികാരോപണത്തിലും ഭൂമി കൈയേറ്റത്തിലും സിബിഐ കേസെടുത്തതിന് പിന്നാലെയാണ് തെരച്ചില്‍ നടത്തിയത്. അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീയുടെ പരാതിയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ മമത സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി.ആര്‍. ഗവായ് ജസ്റ്റിസ് സന്ദീപ് മേഹ്ത്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച ഇതില്‍ വാദം കേള്‍ക്കും. സിബിഐ ഇതുവരെ അഞ്ച് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.
കേസിലെ മുഖ്യപ്രതി ഷാജഹാന്‍ ഷെയ്ഖിനെതിരെ കേസെടുത്ത് 55 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കൊല്‍ക്കത്ത ഹൈക്കോടതി സംസ്ഥാന പോലീസിനെ വിമര്‍ശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത ഷെയ്ഖിനെ പിന്നീട് സിബിഐക്ക് കൈമാറി.
അതിനിടെ മുര്‍ഷിദാബാദില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ടിഎംസി അനുകൂലിക്ക് പരിക്കേറ്റു. 40 കാരനായ ജിന്ന അലിക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ ഇയാളുടെ വലതുകൈപ്പത്തി അറ്റു.
സംഭവത്തില്‍ തെര. കമ്മിഷന്‍ സംസ്ഥാന പോലീസിനോടും ജില്ലാ ഭരണകൂടത്തോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മറ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനായാണ് ബോംബുകള്‍ നിര്‍മിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: