ആലപ്പുഴ: വിവാഹശേഷം വധുവരന്‍മാര്‍ വരന്റെ വീട്ടില്‍ ഗൃഹപ്രവേശം നടത്തിയത് വധു വോട്ട് ചെയ്ത ശേഷം. ആലപ്പുഴ പഴവീട് ദേവീ നഗര്‍ ജ്യോതി നിവാസില്‍ രാജലക്ഷ്മി പി. പൈയുടെയും, വി. പ്രേംകുമാര്‍ പൈയുടെയും മകന്‍ സന്ദീപ്കുമാര്‍ ആര്‍. പൈയും, എഎന്‍ പുരം ശ്രൂമുദ്രയില്‍ വനജാ ഉമേഷിന്റെയും ആര്‍. ഉമേഷ് മല്ല്യയുടേയും മകള്‍ ശിവരഞ്ജനി എസ്. മല്ല്യയുടെയും വിവാഹം ഉച്ചയ്‌ക്ക് എഎന്‍ പുരത്തെ ഓഡിറ്റോറിയത്തിലായിരുന്നു. ശിവരഞ്ജിനിക്ക് വോട്ട് സമീപത്തെ ടിഡി സ്‌കൂളിലെ ബൂത്തിലായിരുന്നു. വിവാഹശേഷം അതേ വേഷത്തിലെത്തി വോട്ട് ചെയ്ത ശേഷമാണ് ഇരുവരും ഭര്‍തൃവീട്ടിലേക്ക് പോയത്.
മുഹമ്മ : തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച ശേഷം മുഹൂര്‍ത്തം തെറ്റിക്കാതെ വധുവരന്മാര്‍ ഗൃഹപ്രവേശം നടത്തി.മുഹമ്മ എസ്എന്‍ കവല വെളിയില്‍ ശിവാജി സാലി ദമ്പതികളുടെ മകള്‍ സൂര്യയുടെയും, മറ്റത്തില്‍ പ്രസാദിന്റെയും സന്ധ്യയുടെയും മകന്‍ അനന്തുവിന്റെയും വിവാഹമാണ് നടന്നത്. രണ്ടു പേര്‍ക്കും വോട്ടവകാശം അടുത്തടുത്ത ബൂത്തുകളിലായിരുന്നു. കായിപ്പുറം ആസാദ് എല്‍. പി സ്‌കൂളിലെ 188-ാം ബൂത്തില്‍ അനന്തുവും നൂറ് മീറ്റര്‍ അകലെയുള്ള 186-ാം ബൂത്തില്‍ സൂര്യയും വോട്ടു ചെയ്തു. വരന്റെ വീട്ടിലെയ്‌ക്കുള്ള ഗൃഹപ്രവേശം മൂന്നു മണിക്കായിരുന്നത് ഇരുവര്‍ക്കും തുണയായി.
വിവാഹം കഴിഞ്ഞ് വധുവരന്മാര്‍ പോളിങ്ങ് ബൂത്തിലേക്ക് കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ അപൂര്‍വ്വ കാഴ്ച. എസ്എന്‍ പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുടെയും വിവാഹം വോട്ടെടുപ്പ് ദിവസമായിരുന്നു. വധു വരന്മാര്‍ വിവാഹ ശേഷം വരന്റെ വീട്ടില്‍ എത്തിയ ശേഷം വിവാഹ വേഷത്തില്‍ ആദ്യം എത്തിയത് തൊട്ടടുത്തെ പോളിങ്ങ് ബൂത്തിലേക്കാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിങ്ങ് ബൂത്തില്‍ നല്ല തിരക്കായിരുന്നു. എന്നാല്‍ പോളിങ്ങ് ഉദ്യോഗസ്ഥരും വോട്ടര്‍മാരും വധു വരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വേഗം അനന്തു വോട്ട് ചെയ്തു. മേഘനയുടെ വോട്ട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലേ പോളിങ്ങ് ബൂത്തിലേക്ക് കുതിച്ചു. പി.ജി.ഭദ്രന്റെയും ബിന്ദുവിന്റെയും മകനായ അനന്തു കയര്‍ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടേയും മകള്‍ മേഘന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: