അഞ്ച് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച ഓഹരി വിപണി വീണു. സെന്‍സക്സ് 609 പോയിന്റ് കുറഞ്ഞ് 73730 പോയിന്റില്‍ അവസാനിച്ചു. നിഫ്റ്റി 150 പോയിന്റോളം കുറഞ്ഞ് 22,420ല്‍ അവസാനിച്ചു. മീഡിയ, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്റ് ഗ്യാസ് മേഖലകളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേ സമയം, ബാങ്ക്, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ് മേഖലയിലെ ഓഹരികളുടെ വിലയിടിഞ്ഞു.
അസംസ്കൃത എണ്ണവില ഉയര്‍ന്നത് ആശങ്ക
കഴിഞ്ഞ രണ്ടാഴ്ച താഴ്ന്നു നിന്നിരുന്ന അസംസ്കൃത എണ്ണവില വെള്ളിയാഴ്ച വര്‍ധിച്ചത് വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതേ സമയം മധ്യേഷ്യയിലെ യുദ്ധസാഹചര്യം നിയന്ത്രിതമായതിനാല്‍ എണ്ണവിതരണം പഴയ പടിയാകുമെന്ന ശുഭാപ്തിവിശ്വാസമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത് എന്നത് ആശ്വാസകരമാണ്.
ഓഹരി വില്പന നല്ലരീതിയില്‍ ദിവസം മുഴുവന്‍ നടന്നതിനാല്‍ പല ഓഹരികളുടെയും വില സമ്മര്‍ദ്ദത്തിലായി. പിസിഇ വിലസൂചിക വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിടുമെന്നതിനാല് ഡോളര്‍ സമ്മര്‍ദ്ദത്തിലായിരുന്നു. അതിനാല്‍ ഇന്ത്യന്‍ രൂപയുടെ വില നാല് പൈസ കുറഞ്ഞു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ് ഐഐ) വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതിനാലും രൂപ സമ്മര്‍ദ്ദത്തിലായി.
ബജാജ് ഫിനാന്‍സിന് വന്‍ തിരിച്ചടി; ഓഹരി വില ഏഴ് ശതമാനം താഴ്ന്നു
ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഇന്നത്തെ ഓഹരി ബജാജ് ഫിനാന്‍സായിരുന്നു. ഏകേദശം ഏഴ് ശതമാനത്തോളം നഷ്ടമാണ് ഈ ഓഹരിക്കുണ്ടായത്. 7294 രൂപ ഉണ്ടായിരുന്ന ബജാജ് ഫിനാന്‍സ് ഓഹരി വെള്ളിയാഴ്ച മാത്രം 564 രൂപ നഷ്ടത്തില്‍ 6730 രൂപയില്‍ അവസാനിച്ചു. 2023-24ലെ നാലാം സാമ്പത്തിക പാദ ഫലം (2024 ജനവരി-മാര്‍ച്ച്) നികുതി കഴിച്ചുള്ള ലാഭം 21 ശതമാനം രേഖപ്പെടുത്തിയിരുന്നു. 3158 രൂപയില്‍ നിന്നും ലാഭം 3825 കോടി രൂപയിലേക്ക് ഉയര്‍ന്നിരുന്നു. ഒരു ഓഹരിയ്ക്ക് 36 രൂപ വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര ലാഭം നാലാം സാമ്പത്തിക പാദത്തില്‍ രേഖപ്പെടുത്താനായില്ല എന്ന അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്.
മോട്ടിലാല്‍ ഓസ് വാള് എന്ന ഇന്‍വെസ്റ്റ്മെന്റ് ബ്രോക്കിംഗ് കമ്പനി വെള്ളിയാഴ്ച ബജാജ് ഫിനാന്‍സ് ഓഹരിയെ ന്യൂട്രല്‍ എന്ന നിലവാരത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. എയുഎം വളര്‍ച്ച, വായ്പനല്‍കുന്നതിനുള്ള ചെലവ് എന്നിവയെല്ലാം പ്രതീക്ഷിച്ച നിലയില്‍ അല്ലെന്ന് മോട്ടിലാല്‍ ഓസ് വാള് വിലയിരുത്തുന്നു. ഇത് ഓഹരിക്ക് തിരിച്ചടിയായി. റിട്ടേണ്‍ ഓണ്‍ അസറ്റും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റിയും മോശമാണെന്ന് കണക്കാക്കപ്പെടുന്നു. കാറുകള്‍, ട്രാക്ടറുകള്‍, വാണിജ്യവാഹനങ്ങള്‍ എന്നീ രംഗത്തേക്ക് പുതുതായി വായ്പാവാഗ്ദാനവുമായി ബജാജ് ഫിനാന്‍സ് കടന്നുചെല്ലുന്നത് അത്ര ശോഭനീയമല്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നിരവധി ബജാജ് ഫിനാന്‍സ് ഓഹരികളാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി 20 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് ഒറ്റദിവസം കൊണ്ട് ഏഴ് ശതമാനം നഷ്ടം രേഖപ്പെടുത്തിയത്.
ബജാജ് ഫിന്‍സെര്‍വ്, നെസ് ലെ ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍. ടെക് മഹീന്ദ്ര, ഡിവിസ് ലാബ്സ്, എല്‍ടിഐ മഹീന്ദ്ര, ബജാജ് ഓട്ടോ, ബിപിസിഎല്‍ എന്നിവ നേട്ടമുണ്ടാക്കി. ധനകാര്യ സേവനം നല്കുന്ന അമേരിക്കന്‍ കമ്പനിയായ മോര്ഗന് സ്റ്റാന്‍ലി അണ്ടര്‍ വെയ്റ്റ് എന്ന നിലവാരത്തിലേക്ക് നെസ് ലെ ഇന്ത്യയെ തരംതാഴ്ത്തിയതോടെ ഈ ഓഹരിയുടെ വില ഏകദേശം 2 ശതമാനം കുറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷം വളര്‍ച്ച നേടുന്നതിന് പ്രതികൂലമായ ഒട്ടേറെ ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നെസ് ലെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
ബാങ്ക് സൂചിക താഴ്ന്നു
ബാങ്ക് സൂചിക താഴ്ന്നതിനാല്‍ എസ് ബിഐ, ആക്സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഓം സ്മാള്‍ ഫിനാന്‍സ്, ഐസിഐസിഐ, കൊടക് മഹീന്ദ്ര എന്നീ ബാങ്കുകളുടെ ഓഹരി വില താഴ്ന്നു.
ബാറ്റ ഇന്ത്യയ്ക്ക് നേട്ടം
ഫരീദാബാദിലെ 11.54 ഏക്കര്‍ ഭൂമി വില്ക്കാന് അനുകൂല തീരുമാനം ഉണ്ടായതോടെ ബാറ്റ ഇന്ത്യയുടെ ഓഹരിക്ക് 14 രൂപയുടെ നേട്ടം ഉണ്ടായി.
മോട്ടിലാല്‍ ഓസ് വാള് ഫിനാന്‍ഷ്യല്‍ 3:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു
3: 1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചതോടെ മോട്ടിലാല്‍ ഓസ് വാള് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ ഓഹരി വിലയില്‍ 151 രൂപയോളം നേട്ടമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: