മോറീന: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വീണ്ടും ആഞ്ഞടിച്ച് നരേന്ദ്ര മോദി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മരണ ശേഷം പൂര്‍വിക സ്വത്തുക്കള്‍ തങ്ങളുടെ പേരില്‍ത്തന്നെ നിലനിര്‍ത്താനും സംരക്ഷിക്കാനും രാജ്യത്തെ നിയമംതന്നെ എടുത്തുകളഞ്ഞയാളാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്നു മോദി പറഞ്ഞു. മധ്യപ്രദേശ് മോറീനയിലെ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിര മരിച്ചപ്പോള്‍ അവരുടെ സ്വത്ത് മക്കള്‍ക്കു കിട്ടേണ്ടതാണ്. എന്നാല്‍ സ്വത്തിന്റെ ഒരു ഭാഗം സര്‍ക്കാരിലേക്കു കണ്ടുകെട്ടാന്‍ അന്നു നിയമമുണ്ടായിരുന്നു (ഇന്‍ഹെറിറ്റന്‍സ് ടാക്സ് ലോ). സര്‍ക്കാരിലേക്ക് സ്വത്തിന്റെ ചെറിയ ഭാഗം പോലും പോകുന്നില്ലെന്നുറപ്പാക്കാനും വസ്തു സംരക്ഷിക്കാനും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ നിയമമെടുത്തുകളഞ്ഞു. ആ നിയമം വീണ്ടും കൊണ്ടുവരുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്, മോദി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും വലിയ പാപമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കും പ്രവേശനത്തിനും സംവരണത്തിന് ഒരു മതത്തെ (മുസ്ലിം) അവിടെ ഒബിസിയില്പ്പെടുത്തിയിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായി കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്കു മത സംവരണമേര്‍പ്പെടുത്തിയത് കാട്ടി അദ്ദേഹം പറഞ്ഞു.
മറ്റു പിന്നാക്ക ജാതികള്‍ക്ക് (ഒബിസി) ലഭിച്ചിരുന്ന സംവരണത്തിലേക്കാണ് പുതുതായി ഇവരെക്കൂടി തിരുകിയത്. സര്‍ക്കാര്‍ ജോലിക്കും പ്രവേശനത്തിനും ഒബിസിക്കുള്ള സംവരണം രഹസ്യമായി അവരില്‍ നിന്നു തട്ടിപ്പറിച്ചു. കോണ്‍ഗ്രസ് മതപ്രീണനം തുടരുകയാണ്, ഇതു സ്വീകാര്യമാണോ?, അദ്ദേഹം ചോദിച്ചു.
പിന്തുടര്ച്ചാ നികുതി നിയമം 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ എടുത്തുകളെഞ്ഞന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് സമ്മതിച്ചു. എന്നാല്‍ ഇക്കാര്യം ഞങ്ങളുടെ പ്രകടന പത്രികയിലില്ല. അതു ഞങ്ങളുടെ അജണ്ടയല്ല. ഇതു ഞങ്ങള്‍ പരാമര്‍ശിച്ചിട്ടുമില്ല, പ്രതിരോധത്തിലായ കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
അമേരിക്കയിലുള്ള ഇത്തരം നിയമത്തെപ്പറ്റി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇത്തരം നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: