ന്യൂദല്‍ഹി: നെഹ്റു കുടുംബത്തിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്. സോണിയ ഗാന്ധി രാജ്യസഭയിലെത്തിയതോടെ സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക വാദ്രയും അമേഠിയില്‍ രാഹുലും മത്സരിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ കഴിഞ്ഞ തവണ തോല്‍വിയേറ്റുവാങ്ങിയ അമേഠിയിലേക്കില്ലെന്ന നിലപാടിലായിരുന്നു ആദ്യം രാഹുല്‍. ഈ രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയം നെഹ്റു കുടുംബത്തിലും പ്രശ്നങ്ങള്‍ക്കു വഴിവച്ചെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
വയനാട്ടില്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും അമേഠിയെക്കുറിച്ചു മൗനം പാലിച്ചു. ഇതോടെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര അമേഠി തന്നെ ആവശ്യപ്പെടുന്നെന്ന പ്രസ്താവനയുമായെത്തി. അമേഠിയിലെ ജനങ്ങള്‍ വാദ്ര വരണമെന്ന് ആഗ്രഹിക്കുന്നു എന്നു പറയുന്ന പോസ്റ്ററുകളും ബോര്ഡുകളുംമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും എടുത്തു മാറ്റി. വാദ്രയുടെ സംഘമാണ് പോസ്റ്ററുകളും ഫ്ളക്സുകളും വച്ചതെന്നാണ് കോണ്‍ഗ്രസ് കണ്ടെത്തല്‍. പല തവണ വാദ്ര സന്നദ്ധത അറിയിച്ചെങ്കിലും കോണ്‍ഗ്രസോ, നെഹ്റു കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാദ്ര അമേഠിയില്‍ മത്സരിച്ചാല്‍ നിലവിലുള്ളതിനെക്കാള്‍ മോശമാകും അവസ്ഥയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. റായ്ബറേലിയില്‍ പ്രിയങ്കയെയാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. അമേഠിയിലേക്കില്ലെന്ന നിലപാടു സ്വീകരിച്ചാല്‍ രാഹുല്‍ റായ്ബറേലിയിലെത്താനുള്ള സാധ്യതയും പ്രാദേശിക നേതാക്കള്‍ തള്ളുന്നില്ല. രാഹുല്‍ അമേഠി വിട്ടാല്‍ ആ സീറ്റ് വാദ്രയ്ക്ക് നല്കാതിരിക്കാനുമാകില്ല. അപ്പോള്‍ പ്രിയങ്ക തെരഞ്ഞെടുപ്പില്‍ നിന്നു മാറി നില്‍ക്കേണ്ടി വരും. രാഹുല്‍ അമേഠിയില്‍ നില്ക്കാമെന്നു തീരുമാനിച്ചാല്‍ പ്രിയങ്കയ്ക്ക് റായ്ബറേലി നല്‍കാം. വാദ്രയ്ക്കു നല്‍കേണ്ടിയും വരില്ല. കേരളത്തിലെ വോട്ടെടുപ്പിനു ശേഷം അമേഠിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മെയ് 20നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: