ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലെ അംഗങ്ങളാണ്, സമ്മതിദാനാവകാശമുള്ള ഭാരതീയരായ നാം ഓരോരുത്തരും. ഓരോ വോട്ടിന്റേയും മൂല്യം വലുതാണ്. പാഴാക്കരുത്. വോട്ടവകാശം എന്നതു വെറും അവകാശമല്ല. ഓരോ പൗരന്റേയും കടമയും ചുമതലയുമാണ്. സ്വാതന്ത്ര്യ ലബ്ധിയോടെ നമ്മുടെ ഭരണ സംവിധാനത്തെ കണ്ടെത്താനുള്ള അധികാരവും അവകാശവും കൈവന്ന നമ്മള് ആ അവകാശം ശ്രദ്ധയോടെ ഉപയോഗിക്കുമ്പോഴാണ് രാഷ്ട്രം ശക്തിപ്രാപിക്കുന്നത്. ആ പ്രക്രിയയുടെ ഭാഗമാവുകയാണ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളോടൊപ്പം ഇന്നു കേരളവും. വിവേചനബുദ്ധിയോടെ ഉപയോഗിക്കുമ്പോഴാണ് എന്തിനും അതിന്റേതായ ശക്തിയും മൂല്യവും കൈവരുന്നത്. സമ്മതിദാനാവകാശം ഉപയോഗിക്കുമ്പോഴും ഓരോരുത്തരും മനസ്സില്‍ കരുതിവയ്ക്കേണ്ട കാര്യമാണത്.
മാറ്റങ്ങള്‍ കാലഗതിയുടെ ഭാഗമാണെന്ന് അറിയുമ്പോഴും, ഭാരതം സുപ്രധാനവും നിര്‍ണായകവുമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന കാലമാണിതെന്ന വ്യക്തമായ ബോധം നമുക്ക് ഓരോരുത്തര്‍ക്കും വേണം. സ്വത്വം വീണ്ടെടുത്ത് തനതു സംസ്കൃതിയില്‍ ഊന്നിനിന്ന് കരുത്തുറ്റ ഭാവിയിലേയ്ക്കു ചുവടുവയ്ക്കുന്ന ഭാരതം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. രാഷ്ട്ര പുരോഗതി എന്നതു കേവലം ഭൗതിക നേട്ടം മാത്രമല്ലെന്നും മാനവികതയ്ക്ക് അതില്‍ വലിയ പങ്കുണ്ടെന്നും ഭാരതം ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. വിശ്വ സാഹോദര്യത്തിന്റെ സന്ദേശമാണ് ഇന്നു ഭാരതത്തിന്റെ ശബ്ദത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ലോകം ഭാരതത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നു. ആധുനിക ശാസ്ത്ര, സാങ്കേതിക, പര്യവേക്ഷണ മേഖലകളിലെല്ലാം കൈവരിക്കുന്ന നേട്ടങ്ങളിലൂടെ ആഴിമുതല് ആകാശംവരെ കീഴടക്കുമ്പോഴും ആര്‍ഷഭാരത സംസ്കാരത്തിന്റെ ഈ അടിത്തറയില്‍ ഉറച്ചുനില്ക്കാന് ഇന്നത്തെ ഭാരതത്തിനു കഴിയുന്നു എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന യാഥാര്‍ഥ്യം.
വിശ്വഗുരുവായി അംഗീകരിക്കപ്പെട്ടിരുന്ന ഒരു കാലം നമ്മുടെ രാഷ്ട്രത്തിനുണ്ടായിരുന്നു. ഭാരതത്തിലെത്താന്‍ ലോക രാജ്യങ്ങള്‍ കൊതിക്കുകയും മത്സരിക്കുകയും ചെയ്ത ആ കാലം പിന്നീട് അധിനിവേശത്തിന്റെ കാലമായി. അതു നമുക്കു നല്കിയ നീണ്ടകാലത്തെ അടിമത്തവും വൈദേശികാധിപത്യവും ഈ രാഷ്ട്രത്തെ ചവിട്ടിമെതിച്ചു താണ്ഡവമാടിയിട്ടും ആ സംസ്കാരത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ബൗദ്ധികമായ അടിമത്തം ഒരു പരിധിവരെ അതിനെ ഉറക്കിക്കിടത്തിയെങ്കിലും, ആ ആത്യന്തിക ശക്തിയെ തിരിച്ചറിയാനും അതിലൂടെ സ്വാഭിമാനത്തിലേയ്ക്കും ആത്മനിര്ഭരതയിലേയ്ക്കും മടങ്ങാനുമുള്ള ഉറച്ച പ്രവര്‍ത്തനങ്ങളാണ് ഒരു പതിറ്റാണ്ടായി ഇന്നത്തെ രാഷ്ട്ര നേതൃത്വം നടത്തിപോരുന്നത്. ഇരുളില്‍ നിന്നു വെളിച്ചത്തിലേയ്ക്കുള്ള യാത്രയാണിത്. ഭാരതം പഴയ പ്രതാപത്തിലേയ്ക്കു മടങ്ങുന്നു. അതിലൂടെ രൂപപ്പെട്ട ആത്മനിര്‍ഭര ഭാരതത്തിന്റെ കുതിപ്പിന്റെ കാലമാണ് വരാനിരിക്കുന്നത്. സമസ്തമേഖലയിലും ഉണ്ടായ ഉണര്‍വ് ഓരോ ഭാരതീയന്റേയും മനസ്സില്‍ ആത്മവിശ്വാസത്തിലൂന്നിയ പ്രതീക്ഷയുടേയും പ്രത്യാശയുടേയും ദീപംതെളിയിച്ചു കഴിഞ്ഞു. സനാതന ധര്‍മത്തിന്റെ മൂല്യവും ശക്തിയും വരും നാളുകളില്‍ ഭാരതത്തെ ലോകഗുരു സ്ഥാനത്തുതന്നെ പ്രതിഷ്ഠിക്കും. ആ യാത്രയില്‍ ഓരോരുത്തര്‍ക്കും പങ്കാളിയാകാനുള്ള അവസരമാണ് ഓരോ തെരഞ്ഞെടുപ്പും. അതിന്റെ ഭാഗമാണ് സമ്മതിദാനാവകാശം. ചിന്താശക്തിയാണ് മനുഷ്യനുകിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ട ദിനമാണിന്ന്. വിവേചനബുദ്ധി ഉപയോഗിക്കേണ്ട ദിനവും. നൂറുശതമാനം വോട്ടു രേഖപ്പെടുത്തപ്പെട്ട തെരഞ്ഞെടുപ്പായി ഇതു മാറട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: