ന്യൂദല്‍ഹി: യുട്യൂബര്‍ മനീഷ് കശ്യപ് ബിജെപിയില്‍ ചേര്‍ന്നു. ന്യൂദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മനോജ് തിവാരി എംപി, വക്താവ് അനില്‍ ബലൗനി എന്നവരുടെ സാന്നിധ്യത്തിലാണ് കശ്യപ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്.
സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുന്നവര്ക്കും രാഷ്ട്രത്തിനെതിരെ നില്ക്കുന്നവരോടുമാണ് തന്റെ പോരാട്ടമെന്ന് കശ്യപ് പറഞ്ഞു. ബിഹാറിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലാലുവും കുടുംബവും ബിഹാറിനെ കൊള്ളയടിച്ച് നശിപ്പിച്ചു. പാവപ്പെട്ട കുടുംബത്തില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഇത്തരത്തില്‍ ആദരവ് തരുന്നത് ബിജെപി മാത്രമാണ്. ബിഹാറിലെ പാര്‍ട്ടികളാകട്ടെ പെട്ടി നിറയെ പണവുമായെത്തിയാലെ സ്വീകരിക്കൂ. പാവപ്പെട്ടവരെയും, സ്ത്രീകളെയും ബിജെപി ബഹുമാനിക്കുന്നു. അതുകൊണ്ടാണ് പാര്‍ട്ടി വ്യത്യസ്തമാകുന്നതും ലോകത്തിലെഏറ്റവും വലിയ കഴിവുറ്റ പാര്‍ട്ടിയായി ഉയര്‍ന്നുവന്നതും കശ്യപ് കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന കശ്യപിനെ പോലയുള്ളവര്ക്കൊപ്പമാണ് ബിജെപിയെന്ന് മനോജ് തിവാരി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ക്ഷേമമുറപ്പാക്കാനാണ് കശ്യപ് പ്രവര്‍ത്തിക്കുന്നത്. ഇത് മുന്നില്‍ക്കണ്ടാണ് പ്രധാനമന്ത്രി മോദിയോടൊപ്പം ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: