കൊച്ചി: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തേടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് നടപടി. സുരക്ഷാ ചുമതല ഉണ്ടായിരുന്ന സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പോലീസിന്റെ അനാവശ്യ ഇടപെടല്‍ കാരണം ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കപ്പെട്ടതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പൂരം പ്രതിസന്ധിയിലാക്കാന്‍ കമ്മിഷണറെ പ്രേരിപ്പിച്ചവര്‍ക്കെതിരെയും അന്വേഷണം ആവശ്യമാണ്. അങ്കിത് അശോകനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചവരുടെ പങ്കും പുറത്ത് കൊണ്ടുവരണം. പൂരം തടസപ്പെടുത്തിയ അങ്കിത് അശോകനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ഹര്ജിക്കാരന് വേണ്ടി അഭിഭാഷകന് കൃഷ്ണദാസ് പി. നായര്‍ ആണ് റിട്ട് സമര്‍പ്പിച്ചത്.
തൃശ്ശൂര്‍ പൂരത്തിലെ ആചാരങ്ങള്‍ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ മൂലം മുടങ്ങിയതില്‍ ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഈ ഹര്‍ജിക്കൊപ്പം മെയ് 22ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: