ന്യൂദല്‍ഹി: സച്ചിന്‍ പൈലറ്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍കോളുകള്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേഹ്‌ലോട്ട് ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ഗെഹ്‌ലോട്ടിനൊപ്പമുണ്ടായിരുന്ന മുന്‍ ഒഎസ്ഡി (ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി) ലോകേഷ് ശര്‍മയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
2020ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലായ സമയത്താണ് സച്ചിന്‍ പൈലറ്റിനെ കൂടാതെ മരിച്ചുപോയ എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മ, സഞ്ജയ് ജെയിന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടത്. കൂടാതെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന്റേയും ഫോണ്‍ കോളുകള്‍ ഗെഹ്‌ലോട്ട് ചോര്‍ത്തി. ഇവ പെന്‍ഡ്രൈവിലാക്കി നല്‍കിയ ശേഷം സമൂഹ മാധ്യമങ്ങളിലൂടെ അത് പുറത്തുവിടാനും തന്നോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രിയുടെ ഫോണ്‍കോള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി ക്രൈംബ്രാഞ്ച് തനിക്കെതിരെ അന്വേഷണം നടത്തുകയും മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഗെഹ്‌ലോട്ടിനെതിരെ മൊഴി നല്കിയില്ല. സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച ഓഡിയോ ക്ലിപ്പാണെന്നാണ് താന്‍ പോലീസിനെ അറിയിച്ചത്.
രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാവുകയും പാര്‍ട്ടി വിമതര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന അവസ്ഥയിലേക്ക് എത്തിയതോടെ അത് ഒഴിവാക്കുന്നതിനായാണ് ഗെഹ്‌ലോട്ട് ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കസേര നഷ്ടപ്പെടാതിരിക്കുന്നതിനായിരുന്നു ഇത്. സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്ക് പിന്നിലും ഗെഹ്‌ലോട്ടാണ്. കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പിന്നില്‍ ബിജെപിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതിനെല്ലാം പിന്നില്‍.
ഇക്കാലയളവില്‍ താന്‍ ഏറെ മാനസിക പിരിമുറുക്കം നേരിട്ടു. അത് ഇനിയും താങ്ങാനാകാത്തതിനാലാണ് വെളിപ്പെടുത്തുന്നത്. കേന്ദ്രമന്ത്രി നല്കിയ പരാതിയില്‍ മെയ് 7നും 8നും വിചാരണക്കായി വിളിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയിലും പറയുമെന്ന് ലോകേഷ് അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ലോകേഷിന്റെ ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് ഏറെ തിരിച്ചടിയാകും.
അതേസമയം തനിക്കെതിരെയുള്ള ആരോപണത്തില്‍ പ്രതികരിക്കാന്‍ ഗെഹ്‌ലോട്ട് തയ്യാറായിട്ടില്ല. ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ലോകേഷ് ജോലി ചെയ്തിരുന്നു. കോണ്‍ഗ്രസുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ലോകേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: