രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ പുരോഗതിയെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. 2026-ഓടെ സർവീസ് ആരംഭിക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കഴിഞ്ഞ ആറ് വർഷത്തിനിടെ നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയാണ് അദ്ദേഹം വിലയിരുത്തിയത്. 508 കിലോമീറ്റർ വരുന്ന ട്രാക്കിൽ 290 കിലോമീറ്ററും നിർമ്മാണം പൂർത്തിയാക്കി. നദികൾക്ക് മുകളിലൂടെയുള്ള എട്ട് പാലങ്ങളുടെയും 12 സ്റ്റേഷനുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. രണ്ട് ഡിപ്പോകളിൽ പ്രവർത്തനം പുരോഗമിക്കുകയാണെന്നും 2026-ഓടെ ഇതിന്റെ ആദ്യ ഭാഗം തുറക്കുകയാണ് ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
മണിക്കൂറിൽ 300 കിലോമീറ്ററിൽ അധികം വേഗതയാണ് ബുള്ളറ്റ് ട്രെയിനിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനാൽ തന്നെ മികവാർന്ന യാത്ര ഉറപ്പുവരുത്തുന്നതിന് ട്രാക്കുകൾ നിർമ്മിക്കുക എന്നത് അത്യാവശ്യമാണ്. 2017-ൽ ട്രെയിനുകളുടെ രൂപ രേഖ നിർമ്മിച്ചു. അതിവേഗ ട്രെയിനുകളായതിനാൽ തന്നെ ഇവ മൂലമുണ്ടാകുന്ന വൈബ്രേഷൻ, വൈദ്യുതി വിതരണം, വേഗത എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
കൂടാതെ 21 കിലോമീറ്ററോളം വരുന്ന തുരങ്കവും പദ്ധതിയുടെ ഭാഗമാണ്. ഏഴ് കിലോമീറ്റർ കടലിനടിയിലൂടെയാണ് സഞ്ചാരം. 56 മീറ്റർ ആഴത്തിലാകും തുരങ്കമുണ്ടാകുക. ഇതിലൂടെ മണിക്കൂറിൽ 300 മുതൽ 320 കിലോമീറ്റർ വരെ വേഗതയിൽ ബുള്ളറ്റ് ട്രെയിനുകൾ കുതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: