ലണ്ടന്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ നിഷ്പ്രഭരാക്കി ആഴ്സണല്‍ കരുത്തുകാട്ടി. ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന് നപോരാട്ടത്തില് ബെന്‍ വൈറ്റും കായി ഹവേര്‍ട്സും നേടിയ ഇരട്ട ഗോളിന്റെ ബലത്തിലാണ് ആഴ്സണല്‍ വമ്പന്‍ ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത അഞ്ച് ഗോളിന്റെ വിജയമാണ് മികേല്‍ അര്‍ട്ടേറ്റയുടെ ആഴ്സണല്‍ നേടിയത്.
അര്‍ജന്റൈന്‍ പരിശീലകന് മൗറീഷിയോ പൊച്ചെട്ടീനോയ്ക്ക് കീഴില്‍ സീസണില്‍ വലിയ അത്ഭുതങ്ങളൊന്നും കാട്ടിയിട്ടില്ലെങ്കിലും ചില ഒറ്റപ്പെട്ട മികച്ച കളി കാഴ്ച്ചവയ്ക്കാന്‍ ചെല്‍സിക്ക് സാധിച്ചിട്ടുണ്ട്. പോരായ്മകള്‍ പലതും പരിഹരിച്ചുവരുന്നതിനിടെ ഇന്നലെ നേരിട്ട ഈ വമ്പന്‍ തോല്‍വി പൊച്ചെട്ടീനോയ്ക്കും ചെല്‍സിക്കും കനത്ത തിരിച്ചടിയായി.
കളിയുടെ ആദ്യ പകുതിയില്‍ വെറും ഒരു ഗോളിന്റെ ലീഡ് മാത്രമാണ് ആഴ്സണലിനുണ്ടായിരുന്നത്. തുടക്കത്തിലേ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് നേടിയ ഗോളില്‍ നാലാം മിനിറ്റില്‍ തന്നെ ആഴ്സണല്‍ മുന്നിലെത്തി. രണ്ടാം പകുതിയിലേക്ക് നീങ്ങിയ കളിക്ക് 52 മിനിറ്റെത്തിയപ്പോഴാണ് ബെന്‍ വൈറ്റ് ആദ്യ ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനകം കായി ഹവേര്‍ട്സും ഗോളടിച്ചു. 65-ാം മിനിറ്റില്‍ ഹവേര്‍ട്സ് ഇരട്ടഗോള്‍ തികച്ചു. ആഴ്സണല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്നില്‍.
തീര്‍ന്നില്ല അഞ്ച് മിനിറ്റിനകം കളിക്ക് പിന്നെയും അരമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ വൈറ്റ് ഇരട്ട ഗോള്‍ തികച്ച് ആഴ്സണലിനെ ലീഡ് വീണ്ടും വര്‍ദ്ധിപ്പിച്ചു. ചെല്‍സിയുടെ തകര്‍ച്ച പൂര്‍ത്തിയാക്കി. ഇന്നലത്തെ മത്സരത്തില്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് ചെല്‍സി കാഴ്ച്ചവച്ചത്.
സീസണില്‍ ആഴ്സണല്‍ നേടുന്ന 24-ാം ലീഗ് ജയമായിരുന്നു ഇത്. ടീം 77 പോയിന്റുകള്‍ നേടിയാണ് ലിവര്‍പൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും കുതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: