മുംബൈ: ഗൊരേഗാവിലെ പത്ര ചാവല്‍ വികസനത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 73.6 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഉറ്റ സുഹൃത്ത് പ്രവീണ്‍ റാവത്തിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വസ്തുവകകളുള്പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ഇതോടെ കേസില്‍ മൊത്തം 116.27 കോടി രൂപയുടെ സ്വത്തുക്കളാണ് ഇതുവരെ കണ്ടുകെട്ടിയത്.
കേസില്‍ 2022ല്‍ സഞ്ജയ് റാവത്തിനെയും പ്രവീണ്‍ റാവത്തിനെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജാമ്യം നേടി പുറത്തിറങ്ങി. സഞ്ജയ് റാവത്ത് പ്രവീണ്‍ റാവത്തിനെ മുന്നില്‍ നിര്‍ത്തി കളിക്കുകയാണെന്നാണ് ഇ ഡി പറയുന്നത്. ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ പ്രവീണ്‍ റാവത്ത് കമ്പനിയുടെ പേരിലുണ്ടായിരുന്ന 95 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി ഇ ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. പത്ര ചാവല്‍ വികസനത്തിനായി നല്കിയ തുകയാണിത്. ഇതിന്റ ഒരു ഭാഗം കര്‍ഷകരില്‍ നിന്ന് നേരിട്ടും അല്ലാതെയും സ്വന്തം പേരിലും പ്രവീണ്‍ റാവത്തിന്റെ കമ്പനിയായ പ്രത്മേഷ് ഡെവലപേഴ്സിന്റെയും പേരില്‍ ഭൂമി വാങ്ങുന്നതിനയി വിനിയോഗിച്ചു. ഇതില്‍ പലതും പിന്നീട് ബന്ധുക്കള്‍ക്ക് സമ്മാനിച്ചുവെന്നും ഇ ഡി ആരോപിക്കുന്നു.
മുംബൈ പോലീസിന്റെ, സാമ്പത്തിക സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 672 കുടുംബങ്ങളെ പുരനധിവസിപ്പിക്കാനുള്ള പത്ര ചാവല്‍ പുനര്‍വികസനത്തില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. 2022 മാര്‍ച്ചില്‍ ഇ ഡി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: