പത്തനംതിട്ട: പതികാലത്തില്‍ തുടങ്ങിയ കലാശം കൊട്ടിക്കയറിയപ്പോള്‍ മാനം ഹരിതകുങ്കുമം വാരിവിതറി. ആവേശോജ്ജ്വലമായിരുന്നു പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിയുടെ കലാശക്കൊട്ട്. തുടക്കത്തില്‍ നഗരം ശാന്തമായിരുന്നെങ്കിലും അവസാന മണിക്കൂറുകളില്‍ നഗരം കുങ്കുമവര്ണാഭമായി. സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പതിപ്പിച്ച വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ചായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് എത്തിയത്. ന്യൂജന്‍ ഡിജെ സംവിധാനത്തിന്റെ ശബ്ദവിന്യാസം ആവേശം ഇരട്ടിയാക്കി. കൊടിതോരണങ്ങളും ബലൂണുകളും അടക്കം കളര്‍ഫുള്ളായിരുന്നു കലാശം. പോപ്പറില്‍ നിന്നു വര്ണ്ണക്കടലാസുകള് പൊങ്ങി ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരിലും അതിനൊപ്പം ആവേശം നുരഞ്ഞുപൊന്തി.
പത്തനംതിട്ട നഗരത്തിലെ കലാശക്കൊട്ടിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ മൂവരും പങ്കെടുത്തത്. എന്‍ഡിഎസ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി, യൂഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് എന്നിവര്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷന് കേന്ദ്രീകരിച്ചു പങ്കെടുത്തപ്പോള്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും കലാശകൊട്ട് നടന്നു. റാന്നി, കോന്നി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, അടൂര്‍, തിരുവല്ല മണ്ഡലങ്ങളിലും പന്തളം, കുളനട, മുണ്ടക്കയം, ചമ്പക്കര തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം പ്രവര്‍ത്തകര്‍ പ്രാദേശികമായ നടത്തിയ കൊട്ടികലാശങ്ങെളും ആവേശോജ്ജ്വലമായി. പ്രചാരണം ഇനി നിശബ്ദമാകുന്നു എന്നേ ഉള്ളൂ. ഏറ്റവും ഊര്‍ജ്ജിത പ്രചാരണം നടക്കുന്നത് അവേശേഷിക്കുന്ന മണിക്കൂറുകളിലാണ്.
ആടി നില്ക്കുന്ന അവസാന വോട്ടും ഉറപ്പിക്കാനുള്ള തിടുക്കത്തിലാണ് മുന്നണികള്‍. പടലപ്പിണക്കങ്ങളും വിഭാഗീയതയും വെല്ലുവിളിയാകുന്ന സാഹചര്യമാണ് മണ്ഡലത്തില്‍ ഇടതിനും വലതിനും. ഈ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാമെന്ന് ഉറപ്പിച്ചാണ് അവരുടെ പ്രവര്‍ത്തനം എങ്കിലും അവയെ അനുകൂലമാക്കി വിജയം കൊയ്യാനുള്ള തീവ്രശ്രമത്തിലാണ് എന്‍ഡിഎയും സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യതെരഞ്ഞെടുപ്പ് പരിപാടിയുടെ അനുരണനങ്ങള്‍ എന്‍ഡിഎ ക്യാമ്പിന് വലിയ പ്രതീക്ഷ നല്കുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത ജനം ഉറപ്പിക്കുന്നത്. നിശബ്ദ പ്രചരണത്തിലൂടെ അവസാന മണിക്കൂറുകളും പൂര്‍ണമായി അനൂകൂലമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: