ന്യൂദല്‍ഹി: ശക്തവും ഏകീകൃതവുമായ ആസിയാന്‍ ഇന്തോ പസഫിക് മേഖലയില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍. ഭാരതവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ കരുത്തുള്ളതാകണമെന്ന് അദ്ദേഹം പറഞ്ഞു. വിയറ്റ്നാമിന്റെ അധ്യക്ഷതയില്‍ ഹാനോയില്‍ ആരംഭിച്ച പ്രഥമ ആസിയാന്‍ ഫ്യൂച്ചര്‍ ഫോറത്തെ വെര്‍ച്വലായി അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത-ആസിയാന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിക്കുന്ന ഇന്തോ പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവും മേഖലയെക്കുറിച്ചുള്ള ആസിയാന്‍ വീക്ഷണവും തമ്മിലുള്ള സമന്വയം, സമഗ്ര സുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി സഹകരണത്തിന്റെ ശക്തമായ ചട്ടക്കൂട് ഉണ്ടാകണം. കഴിഞ്ഞ വര്‍ഷം ഭാരതം ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയില്‍ ഗ്ലോബല്‍ സൗത്ത് അന്താരാഷ്ട്ര കാര്യങ്ങളില്‍ വലിയ പങ്ക് വഹിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
നിരവധി ആസിയാന്‍ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ഭാരതം മുന്‍കൈയെടുത്ത് വെര്‍ച്വല്‍ വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടികള്‍ നടത്തിയത് അതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്നുവരുന്ന ലോകക്രമത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ആസിയാനും ഭാരതവും എക്കാലവും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ആവശ്യകതയ്ക്ക് അടിവരയിടുന്നു, ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡോ-പസഫിക് മേഖലയില്‍ വര്‍ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ജയശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചു. സമുദ്ര നിയമങ്ങളെക്കുറിച്ചുള്ള 1982 ലെ യുഎന്‍ കണ്വെന്ഷന് സമഗ്രമായ ഒരു ചട്ടക്കൂട് പ്രഖ്യാപിച്ചിട്ടുണ്ട്. അത് സമുദ്രങ്ങളുടെ ഭരണഘടനയാണ്. എല്ലാ രാജ്യങ്ങളും സമുദ്രവ്യവഹാരങ്ങളില് അത് അനുസരിക്കേണ്ടതുണ്ട്, വിദേശകാര്യ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: