മിലാന്: ചിരവൈരികളായ എസി മിലാനെ തോല്‍പ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ സീരി എ കിരീടം ഇന്റര്‍ മിലാന് സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തില്‍ ക്ലബ്ബ് നേടുന്ന 20-ാം കിരീടനേട്ടമാണിത്. നിര്‍ണായക പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചാണ് ഇന്റര്‍ മിലാന് വിജയത്തോടെ കിരീടം ഉറപ്പിച്ചത്.
ലീഗില്‍ ഇനി അഞ്ച് വീതം മത്സരങ്ങള്‍ ബാക്കിയുണ്ട്. 33 കളികളില്‍ നിന്നും 86 പോയിന്റ് നേടിയിട്ടുണ്ട് ഇന്റര്‍ മിലാന്. ലീഗില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും രണ്ടാം സ്ഥാനക്കാരായ എസിമിലാന് ഇന്ററിനെ മറികടക്കനാകില്ല. 33 കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 69 പോയിന്റ് ആണ് എസി മിലാന്റെ നേട്ടം.
എസി മിലാന്റെ തട്ടകത്തില്‍ നടന്ന മിലാന് ഡെര്‍ബിയില്‍ പലപ്പോഴും കളിയിലെ ആവേശം കയ്യാങ്കളിയിലേക്ക് നീണ്ടു. പിടിവലിയെ തുടര്‍ന്ന് റഫറിക്ക് മൂന്ന് താരങ്ങള്‍ക്ക് നേരെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തേണ്ടിവന്നു. കളി അവസാന നിമിഷങ്ങളില്‍ പുരോഗമിക്കുമ്പോഴാണ് സംഘര്‍ഷത്തിന്റെ വക്കോളമെത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്റര്‍ താരത്തെ മിലാന് താരം ഫൗള്‍ ചെയ്തതില്‍ തുടങ്ങിയ തര്‍ക്കമാണ് പിടിവലിയലേക്ക് നീണ്ടത്. ഇന്‍ജുറി ടൈമില്‍ 90+3-ാം മിനിറ്റിലായിരുന്നു സംഭവങ്ങള്‍. ഒടുവില്‍ റഫറി ചുവപ്പ് കാര്‍ഡ് എടുത്ത് മിലന് താരം തിയോ ഹെര്ണാണ്ടെസിനും ഇന്റര്‍ താരം ഡെന്‍സെല്‍ ഡംഫ്രീസിനും നേര്‍ക്ക് ഉയര്‍ത്തി. ഇരുവരും പുറത്തേക്ക് പോയി. പക്ഷെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് വീണ്ടും വലിയ പ്രശ്നത്തിലേക്കെത്തി. മിലാന് താരം ഡാവിഡെ കലാബ്രിയയെ ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി.
കളിയുടെ അവസാന നിമിഷങ്ങളില്‍ 2-1ന് മുന്നില്‍ നിന്നിരുന്ന ഇന്ററിനെതിരെ എങ്ങനെയും സമനില ഗോള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു എസി മിലാന്. മുന്നേറ്റങ്ങള്‍ പലതുമുണ്ടായെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല.
തുടക്കം മുതലേ മികച്ച മുന്നേറ്റങ്ങളിലൂടെയാണ് ഇന്റര്‍ മിലാന്റെ കളി പുരോഗമിച്ചുകൊണ്ടിരുന്നത്. 18-ാം മിനിറ്റില്‍ ഫ്രാന്‍സെസ്കോ അസേര്ബിയുടെ ഹെഡ്ഡറില്‍ ഇന്റര്‍ മുന്നിലെത്തി. ആദ്യ പകുതിയില്‍ ടീം ഈ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതി തുടങ്ങി കളിക്ക് 49 മിനിറ്റെത്തയപ്പോള് ഇന്റര്‍ ലീഡ് ഇരട്ടിപ്പിച്ചു. ഫ്രഞ്ച് താരം മാര്‍കസ് തുറാം ആണ് ഗോള്‍ നേടിയത്.
പിന്നീട് പലതവണ മിലാന് ഇന്റര്‍ ഗോള്‍മുഖത്തേക്ക് ആക്രമണം നയിച്ചെങ്കിലും 80-ാം മിനിറ്റിലാണ് ഗോള്‍ നേടാന്‍ സാധിച്ചത്. ഫികായോ ടോമോറി നേടിയ ഈ ഗോളോടെ മിലാന് ഒന്നുകൂടി കരുത്താര്‍ജിച്ചു. പക്ഷെ വീണ്ടും സ്കോര്‍ ചെയ്യുന്നതില്‍ അവര്‍ക്ക് വീഴ്ച്ചപെറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: