ന്യൂദല്‍ഹി: സിഎഎയ്ക്കും മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കുമെതിരായ കോണ്‍ഗ്രസ് അധിക്ഷേപങ്ങള്‍ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എഎന്‍ഐയോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം സിഎഎ നടപ്പാക്കില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്. അവര്‍ അധികാരത്തില്‍ വരില്ല, പിന്നെ അതേപ്പറ്റി പറയുന്നതില്‍ എന്താണ് അര്‍ത്ഥം, അമിത് ഷാ ചോദിച്ചു. കോണ്‍ഗ്രസ് എന്തിനാണ് സിഎഎയെ എതിര്‍ക്കുന്നതെന്ന് മനസിലാക്കുന്നില്ല. സിഎഎ ഒരാളുടെയും പൗരത്വം എടുത്തുകളയുന്നില്ല. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
സിഎഎ നിലനില്ക്കും. മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യും. എല്ലാ ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കും വിധത്തിലുള്ള നിയമം മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം ലഭിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. കോണ്‍ഗ്രസ് ഒരിക്കലും ഭരണത്തില്‍ വരാന്‍ പോകുന്നില്ല. ഒരു തീരുമാനവും അവര്ക്കെടുക്കാനാകില്ല. പിന്നെയും പിന്നെയും തോല്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളോട് ഒരു കാര്യം പറയാം, ഈ പ്രീണനം മതിയാക്കി ഇനിയെങ്കിലും നിങ്ങള്‍ വികസനത്തെ കുറിച്ച് സംസാരിക്ക്, അമിതാ ഷാ പറഞ്ഞു.
ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍ പി. ചിദംബരവും അംഗമാണ്. അദ്ദേഹം പല ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ഈ നിയമങ്ങളെ പിന്തുണയ്ക്കുകയും ചെയ്തതാണ്. രാജ്യത്തിന്റെ ക്രിമിനല്‍ നീതി വ്യവസ്ഥയെ ഈ നിയമങ്ങള്‍ നവീകരിക്കും. കോണ്‍ഗ്രസുകാര്‍ക്ക് അഴിമതികേസുകള് പൂര്‍ത്തിയാക്കുന്നതില്‍ താല്പര്യമില്ല. പക്ഷേ ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും നയം വ്യക്തമാണ്. ഏറ്റവും കുറഞ്ഞ സമയത്തില്‍ എല്ലാ പൗരനും നീതി ലഭ്യമാക്കണം എന്നതാണ് നയം. അക്കാര്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഷാ പറഞ്ഞു.
1960 മുതല്‍ കോണ്‍ഗ്രസുകാര്‍ പ്രീണനം തന്നെയാണ് പയറ്റുന്നത്. ഇതേ പ്രീണനരാഷ്ട്രീയത്തിനെതിരായാണ് വര്‍ഷങ്ങളായി ബിജെപിപൊരുതുന്നത്. 2014ല്‍ മോദിജി ജനങ്ങളുടെ മുന്നില്‍ വികസന അജണ്ട വച്ചത് അതിന്റെ ഭാഗമായാണ്. കോണ്‍ഗ്രസിന് വികസനകാര്യം പറഞ്ഞത് വോട്ട് തേടാന്‍ പ്രയാസമാണ്. അവര്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് തോല്‍ക്കുകയാണ്. അതുകൊണ്ട് അവര്‍ വീണ്ടും വീണ്ടും പ്രീണനരാഷ്ട്രീയം കളിക്കുകയാണ്. പക്ഷേ അതൊന്നും നടക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് നന്നായി അറിയാം, അമിത് ഷാ പറഞ്ഞു.
ബിജെപി അതിന്റെ തത്വങ്ങളിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ആരോടും അനീതി കാട്ടില്ല. ഒരു തരത്തിലുള്ള പ്രീണനവും ആരോടുമില്ലെന്നതാണ് ബിജെപിയുടെ നിലപാട്, അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: