സിനിമാ പിന്നണി ഗായിക എസ്. ജാനകിയ്‌ക്ക് 86ാം ജന്മദിനം. താന്‍ ജീവിതത്തില്‍ മതിവരുവോളം പാടിയതിനാല്‍ ഇനി ആശകളൊന്നുമില്ലെന്നും ഈയിടെ ഒരു അഭിമുഖത്തില്‍ എസ്. ജാനകി പറഞ്ഞിരുന്നു. ജന്മദിനത്തിന് വീട്ടില്‍ പൂജാമുറിയില്‍ ദൈവപ്രാര്‍ത്ഥന തന്നെ പ്രധാനം. ഭർത്താവ് വി. രാമപ്രസാദിന്റെ മരണശേഷം ജാനകി സിനിമ രംഗത്ത് സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിടുന്നതില്‍ മുഴുകുകയാണ് അവര്‍.
യഥാര്‍ത്ഥ പേര് സിസ്റ്റ്ല ജാനിക എന്നാണെങ്കിലും സിനിമയില്‍ ഗായികയായി അറിയപ്പെട്ടത് എസ്. ജാനകി എന്ന പേരിൽ. 1957 ൽ “വിധിയിൻ വിളൈയാട്ട്” എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് തുടക്കം. ഏറ്റവും കൂടുതല്‍ ഗാനം കന്നഡയിലാണ് ആലപിച്ചതെങ്കിലും രണ്ടാം സ്ഥാനം മലയാളത്തിന്.
മലയാളത്തിലേക്ക് ജാനകിയെ എത്തിച്ചത് എം.എസ്. ബാബുരാജാണ്. അദ്ദേഹം അവരുടെ പട്ടുപോലുള്ള ശബ്ദത്തിന്റെ സാധ്യത തിരിച്ചറിഞ്ഞു. സങ്കീര്‍ണ്ണമായ ഉച്ചാരണ വൈവിധ്യങ്ങളുണ്ടെങ്കിലും മലയാളഭാഷ ജാനകി പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു എന്നതാണ് അവരുടെ വിജയം. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇതിൽ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2017 നവമ്പര്‍ 28നാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ഈ പ്രഖ്യാപനം. ഇത് കേള്‍ക്കാള്‍ ആയിരങ്ങള്‍ തടിച്ചുകൂടി.
തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം (സോളോ), യുഗ്മഗാനം (ഡ്യുയറ്റ്), കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്‌ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.
മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നാല് തവണ
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്.ജാനകിക്ക് ലഭിച്ചത്. 1976-ൽ `പതിനാറു വയതിനിലേഎന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര’യിൽ ‘വെന്നല്ലോ ഗോദാരി ആനന്ദം’… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: