സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് 15 വര്‍ഷം മുമ്പ് ശബരിമല ഉന്നത അധികാര സമിതി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവഗണനയും മൂലം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. ശബരിമലയിലെ കോടിക്കണക്കിനു രൂപയുടെ നടവരുമാനം ഉപയോഗപ്പെടുത്തി ക്ഷേത്രത്തിന്റെ സമഗ്രവികസനം ഉറപ്പുവരുത്താനാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഗൂഢരാഷ്ട്രീയ ലക്ഷ്യമോടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരും വിശ്വാസികളുടെ വോട്ടു തട്ടുന്നതില്‍ മാത്രം താല്പര്യമുള്ള പത്തനംതിട്ട എംപി ആന്റോ ആന്റണിയും ക്ഷേത്ര വികസനത്തിനായി ചെറുവിരല്‍ പോലും അനക്കാത്തതില്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് ഭക്തസമൂഹത്തിന് കടുത്ത പ്രതിഷേധമുണ്ട്.
ശബരിമലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ സഹായമാണ് നല്‍കുന്നത്. ഇതിനൊപ്പം സംസ്ഥാനവും വഴിപാട് പോലെ പദ്ധതികള്‍ക്കുവേണ്ടി എല്ലാവര്‍ഷവും ബജറ്റില്‍ കോടികള്‍ അനുവദിക്കാറുണ്ടെങ്കിലും തുടര്‍നടപടികളോ പദ്ധതി നടത്തിപ്പോ മാത്രം പ്രഖ്യാപനത്തിനപ്പുറം പോകാറില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 30 കോടി രൂപയും എരുമേലി മാസ്റ്റര്‍ പ്ലാനിന് 10 കോടി രൂപയും നിലയ്ക്കല്‍ വികസനത്തിന് രണ്ടര കോടിയും അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നിന്റെയും രൂപരേഖ പോലും തയ്യാറായിട്ടില്ല. രൂപരേഖയില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് അംഗീകാരം നല്കാന് ഉന്നതാധികാര സമിതിക്ക് സാധിക്കാത്തതാണ് പദ്ധതി അനിശ്ചിതത്വത്തില്‍ തുടരാന്‍ കാരണം.
ആദ്യം ഒരു സ്വകാര്യ ഏജന്‍സിയെയാണ് രൂപരേഖ തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡ് ഏല്‍പ്പിച്ചത്. അത് വിവാദമായപ്പോള്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിനെ ചുമതലപ്പെടുത്തി. അത് പൂര്‍ത്തിയാക്കാത്തതിനാല്‍ കേന്ദ്ര തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ അനുവദിച്ച 100 കോടി രൂപയില്‍ 80 കോടി രൂപ ദേവസ്വം ബോര്‍ഡിന് നഷ്ടപ്പെടുകയും ചെയ്തു. വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് എ.എസ്.പി കുറുപ്പിന്റെ നേതൃത്വത്തില്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കുകയും ശബരിമല സന്നിധാനത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള 100 ഹെക്ടര്‍ സ്ഥലം അളന്ന് തിരിച്ച് ജണ്ട സ്ഥാപിച്ച് നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നതാണ് വസ്തുത. പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള അയ്യപ്പന് റോഡ്, പമ്പ മുതല്‍ അപ്പാച്ചിമേട് വഴി മരക്കൂട്ടം വരെയുള്ള സ്വാമി അയ്യപ്പന് റോഡ,് ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി മുതല്‍ സന്നിധാനം വരെയുള്ള പാത എന്നിവിടങ്ങളിലാണ് ദേവസ്വം ബോര്‍ഡ് സര്‍വ്വേക്കല്ലും വനം വകുപ്പ് ജണ്ടയും സ്ഥാപിച്ചത്.
കൂടാതെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പദ്ധതികള്‍ കഴിഞ്ഞ മണ്ഡലകാലത്തിനു മുമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങിക്കിടക്കുകയാണ്. മാളികപ്പുറം മേല്‍പ്പാലം, പുതിയ അരവണ പ്ലാന്റ്, കുന്നാര്‍ തടയണയില്‍ നിന്നുള്ള പൈപ്പ് ലൈന്‍, നിലയ്ക്കല്‍ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നിവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട മാളികപ്പുറം-ചന്ദ്രാനന്ദന്‍ റോഡ് മേല്‍പ്പാലത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തിയെങ്കിലും മുന്‍കൂര്‍ പണം ആവശ്യപ്പെട്ടതോടെ അവരെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്കോസിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
പമ്പ പാലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ബാംഗ്ലൂര്‍ ആസ്ഥാനമായ ഫേസ്ആര്‍ക്കിനെയാണ്. 15 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചെങ്കിലും ആവശ്യമായ മുഴുവന്‍ തുകയും ലഭിക്കാത്തതിനാല്‍ ടെന്‍ഡര്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അപ്പം, അരവണ പ്ലാന്റിനായി 15 കോടി വിലയിരുത്തുകയും ആറുകോടി അനുവദിക്കുകയും ചെയ്തു. പക്ഷേ ഫലം കണ്ടില്ല. കൊന്നാര് തടയണയില്‍ നിന്ന് വെള്ളം എത്തിക്കാന്‍ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല. നിലയ്ക്കല്‍ സുരക്ഷ ഇടനാഴികയ്ക്കും ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങുകയാണ്.
ഇതോടൊപ്പം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ മേല്‍ശാന്തി മുറികള്‍, ദേവസ്വം ഓഫീസുകള്‍, തീര്‍ത്ഥാടകര്‍കള്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയ ലേഔട്ട് പ്ലാന്‍ ജസ്റ്റിസ് എസ്. സിരിജഗന് അധ്യക്ഷനായ ഉന്നതാധികാര സമിതി അംഗീകാരം നല്‍കിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹം കാട്ടുന്നില്ല. പദ്ധതി നടത്തിപ്പിന് ശബരിമല വികസന അതോറിറ്റിക്കു രൂപം നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും പാഴ്വാക്കായി.
2024 മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല എന്നാണ് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു കുമാര്‍ പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ യുദ്ധസന്നാഹത്തോടെ ഇറങ്ങി പുറപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അതേ സുപ്രീംകോടതിയുടെ വിധി വന്ന് 15 വര്‍ഷം പിന്നിടുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി സ്വീകരിക്കാത്തതില്‍ ഭക്തജനങ്ങള്‍ക്ക് വലിയ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: