വര്‍ക്കല: അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവന് നടത്തിയ ശിവപ്രതിഷ്ഠയും ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയും കേരളീയ സമൂഹത്തില്‍ വലിയ നവോത്ഥാനത്തിന് വഴി തെളിച്ചുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
വിദ്യാഭ്യാസത്തിലൂടെ ഗുരുദേവന് ജനങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കാനും അവരെ പുരോഗതിയിലേക്ക് നയിക്കാനും ആഹ്വാനം ചെയ്തത് ചരിത്ര പ്രാധാന്യമുള്ളതാണ്. അറിവിലൂടെ വളരാനും വികസിക്കാനും കേരളീയ സമൂഹത്തിന് കഴിഞ്ഞത് ഗുരുദേവന്റെ ആഹ്വാനം കൈക്കൊണ്ടതിനാലാണ്. വിദ്യകൊണ്ട് സ്വതന്ത്രരായ ഒരു സമൂഹത്തിന് മാത്രമേ ജനാധിപത്യ സംവിധാനത്തില്‍ ഒരു നിര്‍ണായക ശക്തിയായി മാറാനും വളരാനും
കഴിയുകയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. ശിവഗിരിയില്‍ ശ്രീശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ഗുരുദേവന്റെ ഏകലോക ദര്‍ശനം സ്വാംശീകരിക്കുകയാണ് ശ്രീനാരായണ ധര്മമീമാംസാപരിഷത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിശ്വദര്‍ശനമാണ് ഗുരുദേവന് പകര്‍ന്നു തന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ധര്‍മസംഘം മുന്‍ ട്രഷറര്‍ പരാനന്ദ സ്വാമി ദീപം തെളിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി സൂക്ഷ്മാനന്ദ, ഗുരുധര്‍മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, വൈസ് പ്രസിഡന്റ് അഡ്വ. വി.കെ. മുഹമ്മദ്, ജോയിന്റ് രജിസ്ട്രാര്‍ സി.ടി. അജയകുമാര്‍ എന്നിവരും സംസാരിച്ചു.
പുലര്‍ച്ചെ പര്‍ണശാലയിലും ശാരദാമഠത്തിലും മഹാസമാധി സന്നിധിയിലും വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടന്നു. ശാരദാമഠത്തില്‍ നിന്നും ധര്‍മപതാക ഏറ്റുവാങ്ങി സംന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാര്‍ത്ഥനാമന്ത്രം ഉരുവിട്ട് ഘോഷയാത്രയായി എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: