ആലപ്പുഴ: ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണകോലാഹലങ്ങള്‍ക്ക് നാളെ പരിസമാപ്തി. കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന് നാളെ കൊടിയിറങ്ങും. ത്രികോണമത്സരം നടക്കുന്ന ആലപ്പുഴയില്‍ മൂന്ന് മുന്നണികളും ആവേശത്തിലാണ്. ഓരോ വോട്ടും ഉറപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് മുന്നണികള്‍. മത്സരം പ്രവചനാതീതമായതോടെ അവസാനവോട്ടും തങ്ങളുടെ പെട്ടിയില്‍ വീഴ്‌ത്താനുള്ള പോരാട്ടമാണ് നടക്കുന്നത്. ദേശീയ നേതാക്കളെ വരെ കളത്തിലിറക്കിയാണ് മത്സരം കടുപ്പിച്ചത്. ഇടതു പക്ഷത്തിനായി സീതാറാം യെച്ചൂരി, ഡി. രാജ, പിണറായി വിജയന്‍ തുടങ്ങിയവര്‍ എത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാനാകാതിരുന്നത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു.
പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം ഇത്തവണ ഇടതുപക്ഷത്തെ വെട്ടിലാക്കി. വി. എസ്. അച്യൂതാനന്ദന്റെ അഭാവം പ്രചാരണത്തെ ബാധിച്ചു. യുഡിഎഫിനായി രാഹുല്‍ ഗാന്ധി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന മണിക്കൂറില്‍ സന്ദര്‍ശനം റദ്ദാക്കിയത് തിരിച്ചടിയായി. കര്‍ണ്ണാടകയില്‍ നിന്നുള്ള മന്ത്രിമാരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി കുടുതലായും രംഗത്തെത്തിയത്. സാമ്പത്തിക ക്രമക്കേടിന് ഇഡിയുടെയും സിബിഐയുടെയും കേസുകളില്‍ പ്രതികളായ കര്‍ണാടക മന്ത്രിമാര്‍ ഇവിടെയെത്തിയത് പണം ഒഴുക്കാനാണോ എന്നും സംശയം ഉയര്‍ന്നിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് രാഷ്‌ട്രീയ ചാണക്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ ആലപ്പുഴ പുന്നപ്രയിലെത്തും. ഇതോടെ എന്‍ഡിഎ പ്രവര്‍ത്തകരും, നേതാക്കളും ആവേശത്തിലാണ്. മഹിളാമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വനതി ശ്രീനിവാസന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി. കെ. കൃഷ്ണദാസ്, കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നടന്‍ ദേവന്‍, മേജര്‍ രവി തുടങ്ങി നിരവധി പ്രമുഖരാണ് ശോഭാ സുരേന്ദ്രനായി ഇതിനകം എത്തിയത്.
ഏറെ രാഷ്‌ട്രീയ പാരമ്പര്യമുള്ള ആലപ്പുഴയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ത്രികോണ മത്സരത്തിന് വേദിയാകുന്നത് ഇതാദ്യമാണ്. 2019 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ. എസ്. രാധാകൃഷ്ണന്‍ നേടിയ 1,87,729 വോട്ടുകളുടെ അടിത്തറയിലാണ് എന്‍ഡിഎയുടെ കുതിപ്പ്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും, ശോഭാസുരേന്ദ്രന്റെ വ്യക്തിപരവും, രാഷ്‌ട്രീയവുമായ മികവും, എന്‍ഡിഎയുടെ സംഘടനാസംവിധാനവും ഒത്തിണങ്ങിയപ്പോള്‍, ഇടതു വലതുകേന്ദ്രങ്ങളെ ഞെട്ടിച്ച് എന്‍ഡിഎ മുന്നേറി. മുന്‍കാലങ്ങളില്‍ എന്‍ഡിഎ എത്ര വോട്ടുപിടിക്കും എന്ന ചോദ്യങ്ങളാണുയര്‍ന്നിരുന്നതെങ്കില്‍ ഇന്ന് എന്‍ഡിഎ ജയിക്കുമോ എന്ന ചോദ്യത്തിലേക്ക് മാറി. പ്രവചനാതീതമാണ് പോരാട്ടം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഇന്നലെ വൈകിട്ട് മുഹമ്മ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: