പാട്ന : സിനിമാ സംവിധായകന് ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ ബിഹാര്‍ സ്വദേശി ഇര്‍ഫാന്റെ കഥ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. നാട്ടില്‍ വന്‍ ജനസമ്മതിയാണ് ഇയാള്‍ക്കുളളത്. പരോപകാരിയും അതിനാല്‍ തന്നെ ജനകീയനുമാണ്.
നാട്ടിലെ ‘ കായംകുളം കൊച്ചുണ്ണി’
ബിഹാറിലെ സീതാമഡിക്കാര്ക്ക് ഇര്ഫാന് ജീവനാണ്. മോഷണം നടത്തുന്നതില്‍ ഒരു പങ്ക് സാമൂഹ്യസേവനത്തിന് ഉപയോഗിക്കുന്നതിനാല്‍ നാട്ടിലെ ‘ കായംകുളം കൊച്ചുണ്ണി’ ആണ് ഇയാള്‍. സീതാമഡി ജോഗിയ ഗ്രാമത്തിലെ ഏഴു ടാറിട്ട റോഡുകള്‍ ഇര്‍ഫാന്റെ വകയാണ്. അയല്‍വാസിയായ പെണ്‍കുട്ടിക്ക് അര്‍ബുദ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷം രൂപ നല്കി ജീവന് രക്ഷിച്ചു. അമ്പതോളം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം ഇര്‍ഫാന്റെ കാരുണ്യത്തില്‍ നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്.
ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ സീതാമഡി പുപ്രി വാര്‍ഡില്‍നിന്നു വന്‍ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നത് ഇര്‍ഫാന്റെ ജനപ്രീതി എടുത്തുകാട്ടുന്നു. ‘സബ്കാ മാന്‍, സബ്കാ സമ്മാന്‍’ മുദ്രാവാക്യവുമായി ഇര്‍ഫാന്റെ ചിത്രവും മൊബൈല്‍ നമ്പരും സഹിതമായിരുന്നു ഗുല്‍ഷന്റെ പോസ്റ്ററുകള്‍. ഗുല്‍ഷന്‍ ജില്ലാ പരിഷത് സ്ഥാനാര്‍ഥിയായത് തന്നെ നാട്ടുകാരുടെ നിര്‍ബന്ധത്താലാണ്. ഇര്ഫാന് ഭാവിയില്‍ എംഎല്‍എ ആകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മോഷണം തുടങ്ങിയത് സഹോദരിക്ക് വേണ്ടി
സഹോദരിയെ വിവാഹം കഴിച്ചയയ്ക്കാന്‍ വരന് സ്ത്രീധനം നല്കാന് പണമില്ലാതായതോടെയാണ് ഇര്ഫാന് മോഷണം തുടങ്ങിയത്.2010ലെ ആദ്യമോഷണത്തില് പിടിക്കപ്പെടാതായതോടെ ഇര്ഫാന് തീരുമാനിച്ചു തന്റെ മേഖല ഇത് തന്നെയെന്ന്. തുടര്‍ന്ന് നാട്ടിലെ പത്തില്‍ പരം ചെറുപ്പക്കാരെ ചേര്‍ത്ത് മോഷണ സംഘമുണ്ടാക്കി. പിന്നാലെ ‘ തൊഴില്‍’ ദല്‍ഹി, മുംബയ് പോലുളള നഗരങ്ങളിലെ ആഡംബര വീടുകള്‍ കേന്ദ്രീകരിച്ചായി.
ഇടയ്ക്കിടെ ആഡംബര കാറുകളില്‍ വീട്ടിലെത്തിയപ്പോള്‍ ഇര്ഫാന് വലിയ ബിസിനസെന്തോ തുടങ്ങിയെന്നാണു നാട്ടുകാര്‍ കരുതിയത്.ഗ്രാമത്തിലെ ചെറിയ വീടിന്റെ സ്ഥാനത്ത് വന്‍ കെട്ടിടമാണ് ഇയാള്‍ പണിതുയര്‍ത്തിയത്.
‘ ബിസിനസ് ‘ വെളിച്ചത്തായത് ഉത്തര്‍പ്രദേശ് പൊലീസ് പിടിയിലായപ്പോള്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കവിനഗറിലെ ആഡംബര വീട്ടില്‍ നിന്ന് ഒന്നര കോടി രൂപ കവര്‍ന്ന കേസില്‍ പിടിക്കപ്പെട്ടതോടെയാണ് ഇര്‍ഫാന്റെ ‘ ബിസിനസ് ‘ വെളിച്ചത്തായത്. സിസിടിവി ക്യാമറയില്‍ കുടുങ്ങിയതാണ് ഇര്‍ഫാനും കൂട്ടര്‍ക്കും വിനയായത്.
ഇര്‍ഫാനെ അന്വേഷിച്ച് സീതാമഡിയിലെത്തിയ യുപി പൊലീസ് ഭാര്യ ഗുല്‍ഷനെയും മോഷണ സംഘത്തിലെ രണ്ടു പേരെയും പൊക്കി. ഭാര്യയും പ്രതിയായതോടെ ഇര്ഫാന് പൊലീസിനു കീഴടങ്ങി. ചോദ്യം ചെയ്ത പൊലീസ് വിഐപി വസതികളിലെ മോഷണക്കഥകള്‍ കേട്ടു ഞെട്ടി.
കളളപ്പണക്കാര്‍ പരാതിപ്പെടാത്തതും സഹായകമായി
ദല്‍ഹിയിലെ ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ചെന്ന് ഇര്ഫാന് പൊലീസിനോട് പറഞ്ഞു. ഇതുപ്രകാരം യുപി പൊലീസ് ജഡ്ജിയെ സമീപിച്ചു. എന്നാല്‍ കേസ് വേണ്ടെന്ന നിലപാടിലായിരുന്നു ജഡ്ജി . കള്ളപ്പണ കേസില്‍ പ്രതിയാകുമെന്നായിരുന്നു ജഡ്ജിയുടെ ഭയം.ആഡംബര വീടുകളില്‍ മാത്രമേ മോഷണം നടത്തുകയുളളൂ എന്നതിനാലും കളളപ്പണം വെളിച്ചത്താകുമെന്ന് ഭയന്ന് പൊലീസില്‍ പരാതി എത്താത്തതും ഇര്ഫാന് തുണയായിരുന്നു.
ആഡംബര കാറുകളിലാണ് മോഷണ മുതലുമായി കടക്കുന്നതെന്നതിനാല് പൊലീസ് വാഹന പരിശോധനയ്ക്കും ധൈര്യപ്പെട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: