തുറവൂര്‍ : പട്ടികജാതിക്കാരനായ പ്രകാശന് (57) പിരിച്ചുവിടപ്പെട്ട ജോലി തിരിച്ചു കിട്ടാന്‍ ഇനി മുട്ടാത്ത വാതിലുകളില്ല. തുറവൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് വളമംഗലം തെക്ക് കുയ്യാറ്റ്ചിറ വീട്ടില്‍ പ്രകാശനെയാണ് മേലുദ്യോഗസ്ഥന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
2007 മുതല്‍ 2023 നവംബര്‍ മാസം വരെയുള്ള പതിനാറ് വര്‍ഷക്കാലം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കാക്കനാട്ടെ വെജിറ്റബിള്‍ ആന്റ് ഫുഡ് പ്രമോഷന് സെന്റര്‍ കേരള എന്ന സ്ഥാപനത്തിലായിരുന്നു താത്കാലികമായി ജോലി ചെയ്തിരുന്നത്. ദിവസം 600 രൂപയായിരുന്നു വേതനം.
2023 നവംബറില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് തിരുവനന്തപുരത്ത് നടന്നിരുന്നു. അതിനോടനുബന്ധിച്ച് സ്റ്റാള്‍ നടത്തിയ ശേഷം അര്‍ദ്ധരാത്രിയില്‍ മടങ്ങുമ്പോള്‍ സ്ഥാപന മാനേജര്‍ ഫോണില്‍ വിളിച്ച് നാളെ മുതല്‍ ജോലിക്ക് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു. പിറ്റെ ദിവസം രാവിലെ പ്രകാശന് കാക്കനാട്ടെ ജോലി സ്ഥലത്ത് എത്തി. എന്നാല്‍ ജോലി നിഷേധിക്കുകയും, ജാതിപ്പേര് വിളിച്ച് അപമാനിച്ച് പു
റത്താക്കുകയുമായിരുന്നെന്ന് പ്രകാശന് പറഞ്ഞു. മുഖ്യമന്ത്രി, കൃഷി മന്ത്രി, കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്കി. ഒന്‍പത് തവണ സ്ഥാപന ഡയറക്ടര്‍ക്ക് കത്ത് നല്കി.
ഒന്നിനും ഒരു പരിഹാരമുണ്ടായില്ല. അറുപത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. കൂടുതലും അന്യ സംസ്ഥാനക്കാരാണ്. ജോലിയില്‍ പ്രവേശിപ്പിച്ചില്ലെങ്കിലും ന്യായമായി തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെങ്കിലും തരണമെന്ന ആവശ്യമാണ് പ്രകാശാനുള്ളത്. ചെവിക്ക് ഭാഗികമായി കേള്‍വിക്കുറവുള്ള പ്രകാശന് മറ്റൊരു ജോലി ചെയ്യുന്നതിന് സാധിക്കുന്നില്ല. അഞ്ച് വര്‍ഷം മുന്‍പ് ഭാര്യ മരിച്ചു. മകളുടെ വിവാഹ ആവശ്യത്തിനായി വീട് വിറ്റു. ഇപ്പോള്‍ മകന്റെ കൂടെ വാടക വീട്ടിലാണ് താമസം. അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് പ്രകാശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: