ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് 18 കാരൻ കൊല്ലപ്പെട്ടു. ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്വെണ്ടി ഗ്രാമത്തിന് സമീപം ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് പോലീസിനെ വിവരം അറിയിച്ചത്.
മുത്വെണ്ടി സ്വദേശിയായ ഗാഡിയ എന്നയാളാണ് സമീപത്തെ വനത്തിലേക്ക് പോയപ്പോൾ ഐഇഡിക്ക് മുകളിലൂടെ അലക്ഷ്യമായി ചവിട്ടി പൊട്ടിത്തെറിച്ചത്. ആൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ ജില്ലയിൽ സമാനമായ സംഭവത്തിൽ നെയിമേദ് പ്രദേശത്തെ കാച്ചിൽവാർ ഗ്രാമവാസിക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു.
ഏപ്രിൽ 12 ന്, ജില്ലയിലെ മിർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ റോഡ് നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളി ഐഇഡി സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിലെ ഉൾപ്രദേശങ്ങളിൽ പട്രോളിംഗ് സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നക്‌സലൈറ്റുകൾ പലപ്പോഴും റോഡിലും ഉൾവഴികളിലും ഐഇഡികൾ സ്ഥാപിക്കുന്നുണ്ട്. ഈ മേഖലയിൽ സാധാരണക്കാരും ഇത്തരം കെണികളിൽ അകപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
സംസ്ഥാനത്തെ ബസ്തർ ലോക്‌സഭാ മണ്ഡലത്തിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. അതേ സമയം സിആർപി എഫ് ഉൾപ്പെട്ട കേന്ദ്രസേന സുരക്ഷാ ക്രമീകരണങ്ങൾ പ്രദേശത്ത് ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: