തിരുവനന്തപുരം: കേരളത്തിന് ഒരു ഗവര്‍ണര്‍ ഉണ്ടെന്ന് തെളിയിച്ച വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ കുറെ പേര്‍ അടിച്ചു മൃതപ്രായമാക്കിയപ്പോള്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാനോ ഒരു മൊബൈല്‍ ഫോണില്‍ പകര്‍ത്താനോ ധൈര്യമില്ലാത്തതും പ്രതികരണശേഷിയില്ലാത്തതുമായ ശവ സമാന സമൂഹമായി യുവജനത മാറിപ്പോയതില്‍ ഖേദമുണ്ട്. ആ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടായപ്പോള്‍ സധൈര്യം നടപടിക്ക് നിര്‍ദ്ദേശിച്ച ഗവര്‍ണര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി ശാരദാ പ്രതിഷ്ഠയുടെ 112ാം വാര്‍ഷികവും ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്തിന്റെ 62ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമി സച്ചിദാനന്ദ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അരുവിപ്പുറത്ത് ശ്രീനാരായണഗുരു നടത്തിയ ശിവപ്രതിഷ്ഠയും ശിവഗിരിയിലെ ശാരദ പ്രതിഷ്ഠയും കേരളീയ സമൂഹത്തിന് വലിയ നവോത്ഥാനത്തിന് വഴിതെളിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക