കൊൽക്കത്ത: തിരഞ്ഞടുപ്പുകാലത്ത് ക്രമസമാധാനം തകർക്കാൻ സാധ്യയുള്ള ഗുണ്ടാസംഘങ്ങളുടെയും സാമൂഹികവിരുദ്ധരുടെയും പേരുകൾ രാഷ്‌ട്രീയപാർട്ടികൾക്ക് ചോർത്തി നൽകിയതായി സംശയിക്കുന്ന പശ്ചിമബംഗാൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് രാജ്ഭവൻ കേന്ദ്ര തിരഞ്ഞെടുപ്പ്കമ്മീഷനോടാവശ്യപ്പെട്ടു.
ഇതോടെ, കൂച്ച്ബെഹാർ മേഖലയിലെ സംഘർഷബാധിതമണ്ഡലങ്ങളിൽ ഗവർണർ സി.വി ആനന്ദബോസിന്റെ യാത്ര തടസ്സപ്പെടുത്താൻ ശ്രമിച്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തന്നെ തിരഞ്ഞെടുപ്പ്ചട്ടം ലംഘിച്ചു എന്ന ആരോപണത്തിൽ ഊരാക്കുടുക്കിലായി. കടുത്ത നടപടിയിൽ നിന്ന് തലയൂരാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നെട്ടോട്ടത്തിലാണ്.
ഇപ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ബംഗാൾ ഗവർണർ ആനന്ദബോസിന്റെ ഓഫീസ്, സ്വന്തം സംവിധാനം ഉപയോഗിച്ച്, സംസ്ഥാനത്തുടനീളമുള്ള, ക്രിമിനലുകൾ എന്ന് സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി മുൻകരുതൽ നടപടികൾക്കായി സംസ്ഥാന പോലീസ് ഡയറക്ടർജനറൽ മുഖേന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയിരുന്നു
രാജ്ഭവൻ കൈമാറിയ പട്ടിക, പരമരഹസ്യമായി സൂക്ഷിച്ച് നടപടിയെടുക്കേണ്ട മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ചില ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കൾക്ക് ചോർത്തി നൽകി എന്ന ഗുരുതരമായ കുറ്റമാണ് രാജ്ഭവൻ നൽകിയ കത്തിൽ ആരോപിക്കുന്നത്.
രാജ്ഭവനിൽ ഗവർണർ സ്ഥാപിച്ച ‘പീസ്റൂമിൽ’ ഫോണിലൂടെയും ഇമെയിൽ വഴിയും പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെയും മറ്റും അടിസ്ഥാനത്തിലാണ് സാമൂഹിക വിരുദ്ധരുടെ പേരുകൾ പ്രധാനമായും ശേഖരിച്ചത്.
“ഈ ഗുണ്ടകളും സാമൂഹികവിരുദ്ധരും ഈ സംസ്ഥാനത്ത് വോട്ടെടുപ്പ് സമയത്ത് സാധാരണ വോട്ടർമാരെ ഭയപ്പെടുത്തി വോട്ടിംഗ് പ്രക്രിയ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. രഹസ്യാത്മകവും തന്ത്രപ്രധാനവുമായ വിവരങ്ങളുടെ ഈ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് മാനുവൽ (324.6) ക്ലോസ് ‘ഇ’യുടെ കടുത്ത ലംഘനമാണ്.” രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സംഘര്ഷബാധിതപ്രദേശങ്ങളിൽ നേരിട്ട് ഇടപെട്ട് ജനങ്ങൾക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കിയ ഗവർണറെ ഇക്കുറി അതിൽനിന്ന് അകറ്റിനിർത്താനാണ് കൂച്ച്ബെഹാർ സന്ദർശനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ മുഖേന ശ്രമിച്ചത്.
ഭരണഘടനപ്രകാരം സംസ്ഥാനത്തെ ഭരണത്തലവനായ ഗവർണറുടെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ ആർക്കും കഴിയില്ല. എങ്കിലും ഗവർണർ പദവിയെ ഒരു രാഷ്‌ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട എന്ന കാരണത്താലാണ് ഗവർണർ ആനന്ദബോസ് അന്നേ ദിവസം നിയോജകമണ്ഡലം സന്ദർശിക്കാതെ രാജ്ഭവനിലെ പീസ്റൂമിൽ ഇരുന്ന് ജനങ്ങളുമായി സംവദിക്കാൻ തീരുമാനിച്ചത്.
ഗവർണർ നിലപാട് കടുപ്പിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ ബംഗാൾ ഗവണ്മെന്റും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അയഞ്ഞു. ഗവർണർക്ക് ജില്ലാസന്ദർശനവേളയിൽ സംരക്ഷണമേർപ്പെടുത്താനും മറ്റു സൗകര്യങ്ങൾ ഒരുക്കാനും തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഗവർണർക്ക് സംസ്ഥാനത്ത് എവിടെയും സഞ്ചരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുവെന്നും ആരുടെയും ഔദാര്യം ആവശ്യമില്ലെന്നുമുള്ള നിലപാടാണ് രാജ്ഭവൻ സ്വീകരിച്ചത്. തത്ഫലമായി നൂറ് കണക്കിന് പരാതികളാണ് ഗവർണർക്ക് നേരിട്ട് ലഭിച്ചത്. ടെലിഫോണിൽ പരാതി പറയുന്നവരോട് ഗവർണർ നേരിട്ട് തന്നെയാണ് പ്രതികരിച്ചത്. കിട്ടിയ പരാതികൾ മേൽനടപടികൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുകയും അത് രാജ്ഭവൻ മോണിറ്ററിങ് നടത്തുകയും ചെയ്തു. ഇത് കൂടുതൽ ജനങ്ങൾക്ക് ഗവർണറുമായി ബന്ധപ്പടാനുള്ള ഒരു അവസരമായി മാറി. ഉർവശീശാപം ഉപകാരം എന്ന് പറയുംപോലെ. ഗവർണർ നിയോജകമണ്ഡലത്തിൽ ഇറങ്ങാതെ രാജ്ഭവനിലെ പീസ്റൂമിൽ ഇരുന്ന് ജനങ്ങളുടെ പരാതി സ്വീകരിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറി.
ഗവർണർ ഭരണത്തിൽ ഒരു പുതിയ ‘ആനന്ദബോസ് മോഡൽ’ രൂപപ്പെട്ട് കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിനെ ഏറ്റവുമധികം ബാധിക്കുന്ന ഒരു ഘടകമായി മാധ്യമങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടികാട്ടുന്നത് സന്ദേശ്ഖലിയിലെ ഗൂണ്ടകളുടെ അറസ്റ്റ് ആണ്. സ്ത്രീകളെ നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ഗൂണ്ടകൾക്കെതിരെ ആർക്കും ഒന്നും ചെയ്യാനാവില്ല എന്നൊരു ധാരണയായിരുന്നു കഴിഞ്ഞ ഏതാനുംവർഷങ്ങളായി നിലനിന്നത്. എന്നാൽ എല്ലാ വിലക്കുകളെയും ലംഘിച്ചുകൊണ്ട് ഗവർണർ ആനന്ദബോസ് അവിടെ പര്യടനം നടത്തുകയും സ്ത്രീകൾക്ക് അവരുടെ ആന്തരികശക്തി കണ്ടെത്തത്തക്ക രീതിയിലുള്ള ഉദ്ബോധനം നടത്തുകയും ചെയ്തു. സ്ത്രീകൾ അദ്ദേഹത്തിന് രാഖികെട്ടി സഹോദരനായി സ്വീകരിച്ചു. സഹോദരന്റെ ചുമതലയാണ് സഹോദരിയുടെ മാനംകാക്കുക എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഇതോടെ മറ്റു പല സ്ഥലങ്ങളിലും സ്ത്രീകൾ അക്രമികൾക്കെതിരായി ചൂലുമേന്തി രംഗത്തെത്തി. ഇത് ബംഗാൾ തിരഞ്ഞെടുപ്പിനെ സാരമായി സ്വാധീനിക്കുന്നൊരു ഘടകമായി ദേശീയ രാഷ്‌ട്രീയനിരീക്ഷകർ വിലയിരുത്തി .
തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്ത് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുശാസിക്കുന്ന രീതിയിൽ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് രാജ്ഭവൻ ആവർത്തിച്ച് ഓർമിപ്പിച്ചു.
ഇതിനിടെ ഡൽഹിയിൽ നിന്നെത്തിയ അറ്റോണി ജനറൽ വെങ്കിടരമണി ഗവർണർ ആനന്ദബോസുമായി രഹസ്യ ചർച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: